ലൊസേൻ - 2004 ലെ ആതൻസ് ഒളിംപിക്‌സിൽ മലയാളി താരം അഞ്ജു ബോബി ജോർജിന് മെഡൽ ലഭിക്കുന്നത് തടഞ്ഞ റഷ്യൻ താരങ്ങളിലൊരാളായ തതിയാന ലെബദേവ ഉത്തേജക മരുന്നടിക്കാരിയാണെന്ന് രാജ്യാന്തര സ്‌പോർട്‌സ് കോടതി വിധി ശരിവെച്ചു. ലെബദേവ 2008 ലെ ഒളിംപിക്‌സിൽ നേടിയ മെഡൽ തിരിച്ചുവാങ്ങാൻ കോടതി വിധിച്ചു. മറ്റൊരു റഷ്യൻ താരം മരിയ അബകുമോവ, എകാതറിന നിദെങ്കൊ എന്നിവർക്കും 2008 ലെ ഒളിംപിക്‌സിൽ നേടിയ വെള്ളി മെഡലുകൾ നഷ്ടമാവും.
ലെബദേവ 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സിൽ ലോംഗ്ജമ്പിലും ട്രിപ്പിൾജമ്പിലും വെള്ളി കരസ്ഥമാക്കിയിരുന്നു. സൈക്ലിംഗിലാണ് നിദെങ്കൊ മത്സരിച്ചത്. ഉത്തേജക പരിശോധന ശാസ്ത്രീയമല്ലെന്നാണ് മൂവരും സ്‌പോർട്‌സ് കോടതിയിൽ വാദിച്ചത്. ഇത് കോടതി തള്ളി. 2004 ലെ ഒളിംപിക്‌സിന്റെ ലോംഗ്ജമ്പിൽ അഞ്ജു ബോബി ജോർജ് അഞ്ചാം സ്ഥാനത്തായിരുന്നു. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത് ലെബദേവയും റഷ്യൻ കൂട്ടാളികളായ ഐറീന സിമാജിന, തതിയാന കൊടോവ എന്നിവരുമായിരുന്നു. മൂവരും പിൽക്കാലത്ത് മരുന്നടിച്ചതായി തെളിഞ്ഞു. 2004 ൽ പിടിക്കപ്പെട്ടിരുന്നുവെങ്കിൽ അഞ്ജുവിന് വെള്ളി മെഡലെങ്കിലും കിട്ടേണ്ടതായിരുന്നു.