ന്യൂദല്‍ഹി- രാജ്യത്തിന്റെ പേര് മാറ്റുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍ പെട്ടെന്ന് രംഗത്തുവന്നത് എന്തുകൊണ്ട്? ഈ ചോദ്യമാണ് രാഷ്ട്രീയവൃത്തങ്ങൡ പുകയുന്നത്. ഇത്ര നിസ്സാരമായി ഒരു രാജ്യത്തിന്റെ ഔദ്യോഗിക നാമം മാറ്റാനാകുമോ എന്നതാണ് എല്ലാവരും ഉയര്‍ത്തുന്ന ചോദ്യം.
ജി20 രാഷ്ട്രത്തലവന്മാരെ അത്താഴ വിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയതാണ് പെട്ടെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം. രാജ്യത്തിന്റെ ഔദ്യോഗിക നാമം ഇന്ത്യ എന്നാണെങ്കിലും ഭാരതം എന്ന പേരും പ്രചാരത്തിലുള്ളതാണ്. ഭരണഘടനയില്‍തന്നെ ഇത് ുപയോഗിച്ചിട്ടുമുണ്ട്.
എന്നാല്‍ ഔദ്യോഗിക കത്തിടപാടില്‍ ഇതാദ്യമായാണ് ഭാരത് എന്ന് ഉപയോഗിക്കുന്നത്.
जन गण मन अधिनायक जय हे, भारत भाग्य विधाता
— Dharmendra Pradhan (@dpradhanbjp) September 5, 2023
जय हो #PresidentOfBharat pic.twitter.com/C4RmR0uGGS
സര്‍ക്കാരിനെ ഭയപ്പെടുത്തിയത് പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കിയതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ എന്ന പേര് പ്രതിപക്ഷത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍തന്നെ പാര്‍ട്ടി ഭാരതം എന്ന പേരിന് പോപ്പുലാരിറ്റി നല്‍കി ഇന്ത്യയെ മറവിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് പലരും കരുതുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്ത്യ സഖ്യം ഭാരത് എന്ന് പേരുമാറ്റിയാല്‍ ബി.ജെ.പി രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ എന്നാണ് അദ്ദേഹം പരിഹസിച്ചത്.
ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂനിയന്‍ ആയിരിക്കും എന്നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്ന് പറയുന്നത്. ഇന്ത്യ സഖ്യത്തെ ഭയപ്പെട്ടാണ് ഈ നടപടിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറയുന്നു. ജനങ്ങളെ ഇന്ത്യക്കാര്‍, ഭാരതീയര്‍ എന്നിങ്ങനെ വിഭജിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറുഭാഗത്ത് ബി.ജെ.പി നേതാക്കള്‍ പേരുമാറ്റം ആഘോഷിക്കുകയാണ്. റിപ്പബ്ലിക് ഓഫ് ഭാരത്... രാജ്യം സംസ്‌കാരത്തിലേക്കും അമൃതകാലത്തിലേക്ക് വേഗം സഞ്ചരിക്കുന്നു എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദബിശ്വാസിന്റെ എക്‌സ് പോസ്റ്റ്.