ജിദ്ദ - അഞ്ചു വർഷത്തിനുള്ളിൽ സൗദി അറേബ്യ പാക്കിസ്ഥാനിൽ 2,500 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി അൻവാറുൽഹഖ് കാകർ പറഞ്ഞു. നിലവിൽ മുടങ്ങിക്കിടക്കുന്ന സ്വകാര്യവൽക്കരണ പദ്ധതി പാക്കിസ്ഥാൻ ഗവൺമെന്റ് പുനരുജ്ജീവിപ്പിക്കും. ഖനനം, കൃഷി, വിവര സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് സൗദി അറേബ്യ നിക്ഷേപങ്ങൾ നടത്തുക. പാക്കിസ്ഥാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കാൻ നടത്തുന്ന യജ്ഞത്തിന്റെ ഭാഗമാണ് സൗദി നിക്ഷേപം ആകർഷിക്കാൻ സാധിച്ചതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാനിൽ സൗദി അറേബ്യ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകും ഇത്. സാമ്പത്തിക വീണ്ടെടുക്കൽ ദിശയിൽ പാക്കിസ്ഥാൻ ദുഷ്‌കരമായ ചുവടുവെപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ജൂലൈയിൽ അന്താരാഷ്ട്ര നാണയനിധി 300 കോടി ഡോളറിന്റെ വായ്പ അനുവദിച്ചതിന്റെ ഫലമായി വായ്പാ തിരിച്ചടവ് മുടങ്ങുന്നത് ഒഴിവാക്കുന്നതിൽ പാക്കിസ്ഥാൻ ഗവൺമെന്റ് വിജയിച്ചിട്ടുണ്ട്.