കാലിഫോർണിയ- തെക്കൻ കാലിഫോർണിയയിൽ ട്രക്ക് 100 അടിയോളം താഴേക്ക് മറിഞ്ഞ് മലയിടുക്കിൽ കുടുങ്ങിയ ഡ്രൈവറെ അഞ്ച് ദിവസത്തിനുശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ബേക്കേഴ്‌സ്‌ഫീൽഡിന്റെ തെക്കുകിഴക്കായി ഷീപ്‌സ് ട്രയൽ എന്ന പ്രദേശത്ത് കുത്തനെയുള്ള കുന്നിന്റെ അടിത്തട്ടിൽ ട്രക്ക് ഉണ്ടെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് കെർൺ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച സ്റ്റാലിയൻ സ്പ്രിംഗ്‌സിന് സമീപം തകർന്നുവീണ് പരിക്കേറ്റ് ട്രക്കിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ കയർ ഉപയോഗിച്ച് താഴെയിറക്കിയ അഗ്നിശമന സേനാംഗമാണ് കണ്ടെത്തിയത്. തുടർന്ന് മൂന്ന് അഗ്നിശമന സേനാംഗങ്ങളെ കൂടി കൊക്കയിലേക്ക് ഇറക്കി, റെസ്ക്യൂ ബാസ്‌ക്കറ്റിൽ കയറ്റിയാണ് ഡ്രൈവറെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയും അഗ്നിശമന സേനാംഗങ്ങൾ ഡ്രൈവറെ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടു.
ആംബുലൻസിൽ ഡ്രൈവറെ പിന്നീട് പ്രാദേശിക ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കാലിഫോർണിയ ഹൈവേ പട്രോളും സ്റ്റാലിയൻ സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്മെന്റും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.