ന്യൂദൽഹി-പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരു നൽകിയത് ഒന്നാന്തരം നീക്കമാണെങ്കിലും ബ്രാൻഡിംഗ് കൊണ്ടു മാത്രം അവർക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷം സുപ്രധാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഇനിയും തയാറായിട്ടില്ലെന്നും അവർക്ക് ഒരു പാട് മുന്നോട്ടു പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നതല്ലാതെ ബദൽ നിർദേശങ്ങളൊന്നും മുന്നോട്ടു വെക്കാൻ പ്രതിപക്ഷ സഖ്യത്തിനു സാധിക്കുന്നില്ല. തങ്ങളുടെ ദൗർബല്യം തിരിച്ചറിയാനോ നേരിടാനോ പ്രതിപക്ഷം തയാറാകുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് നീക്കത്തെ പ്രശാന്ത് കിഷോർ പിന്തുണച്ചു. ചെലവ് കുറയ്ക്കുന്നതിനൊടോപ്പം ജനങ്ങൾക്ക് ഒരിക്കൽ തീരുമാനം എടുത്താൽ മതിയെന്നതും ഇതിന്‍റെ ഗുണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്, രാജ്യത്തിന്‍റെ ഏകദേശം 25 ശതമാനം ഓരോ വർഷവും തെരഞ്ഞെടുപ്പിലേക്ക് പോകുന്നു. അതിനാൽ, സർക്കാരിനെ ഭരിക്കുന്ന ആളുകൾ ഈ തിരഞ്ഞെടുപ്പ് സർക്കിളിൽപ്പെട്ട് തിരക്കിലാണ്. ഇത് ഒന്നോ രണ്ടോ തവണയാക്കിയാൽ കാര്യങ്ങൾ മെച്ചപ്പെടും. ഒറ്റരാത്രികൊണ്ട് ഒരു പരിവർത്തനത്തിന് ശ്രമിച്ചാൽ പ്രശ്‌നങ്ങൾ ഉണ്ടാകും.സർക്കാർ ചിലപ്പോൾ ബില്ല് കൊണ്ടുവരാം. അതു കൊണ്ടുവരട്ടെ. നല്ല ഉദേശത്തോടെയാണെങ്കിൽ അത് രാജ്യത്തിന് നല്ലതായിരിക്കും. പക്ഷെ സർക്കാർ എന്ത് ഉദേശത്തോടെയാണ് അത് കൊണ്ടുവരുന്നതെന്ന് അനുസരിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.