ന്യൂയോര്‍ക്ക്-64 വര്‍ഷം മുന്‍പ് കണ്ട് പ്രണയിച്ച, 93 വയസുള്ള അവിവാഹിതനായ ഒരാള്‍ തന്റെ 83 വയസുള്ള കാമുകിയെ വിവാഹം ചെയ്യാന്‍ പോകുന്നു. 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഇരുവരും കണ്ട് ഇഷ്ടപ്പെട്ടത്.
1959ലാണ് ന്യൂജേഴ്സിയില്‍ നിന്നുള്ള, ജോസഫ് പൊട്ടന്‍സാനോയും, മേരി എല്‍കിന്‍ഡും കണ്ടുമുട്ടുന്നത്. ജോസഫിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിന്റെ സമയത്തായിരുന്നു അത്. പിന്നീട് ജോസഫ് ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല.
എന്നാല്‍, കുറച്ച് നാള്‍ കണ്ടുമുട്ടുകയും പ്രേമം പങ്കിടുകയും ഒക്കെ ചെയ്തുവെങ്കിലും പിന്നീട് ഇരുവരും അവരവരുടെ വഴികളിലൂടെ സഞ്ചരിച്ചു. റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ ഒരു ബാലെ നര്‍ത്തകിയായി കരിയര്‍ തുടരുക എന്നതായിരുന്നു മേരിയുടെ സ്വപ്നം. അവള്‍ അതിന് പിന്നാലെ സഞ്ചരിച്ചു. അതേസമയം ജോസഫ് സൈന്യത്തില്‍ ചേരാനും തീരുമാനിച്ചു.
പിന്നീട്, 1962 -ല്‍ മേരി മറ്റൊരാളെ വിവാഹം കഴിക്കുകയും അതില്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. മേരിയുടെ വിവാഹത്തിലും കുടുംബത്തില്‍ നടന്ന പല ചടങ്ങുകളിലും ജോസഫ് പങ്കെടുത്തിട്ടുണ്ട്. പിന്നീട്, മേരിയുടെ ഭര്‍ത്താവ് മരിച്ച് 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചടങ്ങില്‍ വച്ച് മേരിയും ജോസഫും വീണ്ടും കണ്ടുമുട്ടുകയും, അന്ന് ജോസഫ് മേരിയെ സ്വന്തമാക്കാന്‍ തീരുമാനമെടുക്കുകയുമായിരുന്നു. പ്രേമത്തിന് പ്രായമൊന്നും തടസമല്ലെന്ന് പറയുന്നത് വെറുതെയല്ല.