ന്യൂദല്‍ഹി- മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ മരണക്കിടക്കയില്‍ ബാബര്‍ ചക്രവര്‍ത്തിയെ വിളിച്ചു വരുത്തി നല്‍കിയ 'ഉപദേശം' വിശദീകരിച്ചതിനെ ചാല്ലി രാജസ്ഥാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ ലാല്‍ സൈനിയെ ട്വിറ്ററില്‍ പൊരിക്കുകയാണ് ട്വിറ്ററാറ്റികള്‍. ട്രോളുകളിലും മീമുകളിലും വ്യാഴാഴ്ച നിറഞ്ഞു നിന്നത് സൈനിയുടെ ചരിത്ര പാഠമായിരുന്നു. 'ഇന്ത്യ ഭരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പശുക്കളേയും ബ്രാഹ്മണരേയും സ്ത്രീകളേയും ബഹുമാനിക്കുക' എന്നാണ് മരണശയ്യയില്‍ കിടന്ന് ഹുമയൂണ്‍ ബാബറിനു നല്‍കിയ ഉപദേശമെന്നായിരുന്നു സൈനി പറഞ്ഞത്. പശുക്കളേയും ബ്രാഹ്മണരേയും സ്ത്രീകളേയും അപമാനിക്കുന്നത് ഇന്ത്യ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആല്‍വാറില്‍ മുസ്ലിം യുവാവിനെ പശുവിന്റെ പേരില്‍ ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ചു പ്രതികരിക്കവെയാണ് സൈനി ഈ ചരിത്രം പറഞ്ഞത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതു ചിരി പടര്‍ത്താന്‍ മറ്റൊരു കാരണമുണ്ട്. സൈനിക്ക് ചരിത്രം പോലും അറിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഹുമയൂണിന്റെ പിതാവാണ് മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബര്‍ ചക്രവര്‍ത്തി. ഹുമയൂണിനു മുമ്പ് ചക്രവര്‍ത്തി ആയിട്ടുണ്ട് എന്നതിനു പുറമെ ഹുമയൂണ്‍ മരിക്കുന്നതിനു 25 വര്‍ഷം മുമ്പ് മരിച്ചു പോയ ആളാണ് ബാബര്‍. എന്നാല്‍ ഈ ചരിത്രത്തെ തെറ്റായി വ്യഖ്യാനിച്ചാണ് ഒരു തെളിവുമില്ലാതെ ഹുമയൂണിന്റെ ഉപദേശമെന്ന പേരില്‍ സൈനി മാധ്യമങ്ങളോട് പറഞ്ഞത്. സോഷ്യല്‍ മീഡിയ ഇതു പൊളിച്ചടുക്കിയിരിക്കുകയാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനു മുമ്പ് ചിരത്രം വായിക്കുകയെങ്കിലും വേണമെന്ന് ചരിത്രകാരന്മാര്‍ അടക്കമുള്ളവര്‍ പ്രതികരിച്ചെങ്കിലും സോഷ്യല്‍ മീഡിയ ഇതൊരു തമാശയായാണ് എടുത്തത്. ട്രോളിനുള്ള നല്ലൊരു വിഭമായി മാറി. കാല്‍ നൂറ്റാണ്ടു മുമ്പ് മരിച്ചു പോയ പിതാവ് ബാബറെ വിളിച്ചു വരുത്തി ഉപദേശിക്കാന്‍ മകനായ ഹുമയൂണ്‍ ഒരിക്കലും മരണശയ്യയില്‍ കിടന്നിട്ടില്ലെന്നും അദ്ദേഹം ഗോവണിപ്പടിയില്‍ നിന്ന് തെന്നിവീണ് മരിക്കുകയായിരുന്നെന്നും ചരിത്രമറിയുന്ന ട്രോളന്‍മാര്‍ സൈനിയെ ഉണര്‍ത്തി. ബിരിയാണി തിന്നാല്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വെജ് ബിരിയാണി ആണെന്നു ഉറപ്പുവരുത്തുക എന്നായിരുന്നു ഹുമയുണ്‍ മരണക്കിടക്കയില്‍ ബാബറെ വിളിച്ചുവരുത്തി ഉപദേശിച്ചതെന്ന് ഒരു ട്വിറ്റര്‍ യൂസറായ അജിന്‍ക്യ പ്രഭു കൡയാക്കി.