പാരീസ്- ഫ്രാൻസിൽ നടന്ന ലോക കുതിരയോട്ട ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ച് മലപ്പുറത്തുനിന്നുള്ള നിദാ അൻജൂം. 120 കിലോമീറ്റർ പിന്നിട്ട നിദ, ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി സ്വന്തമാക്കി. യുവ കുതിര സവാരിക്കാർക്കായി നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിദാ അൻജും പങ്കെടുത്തത്.
25 രാജ്യങ്ങളിൽ നിന്നുള്ള 70 പേരാണ് മൽസരത്തിനുണ്ടായിരുന്നത്. റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും കേരള അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. അൻവർ അമീന്റെയും ചെറിയമുണ്ടം മിൻഹത്തിന്റെയും മകളാണ് നിദാ അൻജൂം. 7.29 മണിക്കൂർ എടുത്താണ് ദുഷ്‌കരമായ 120 കിലോമീറ്റർ കുതിരയോട്ടം നിദ പൂർത്തിയാക്കിയത്. ഹോഴ്‌സ് റേസിലെന്നപോലെ പഠനത്തിലും കേമിയാണ് നിദാ അൻജും. യു.കെയിലെ ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് ബിരുദവും, ദുബായ് റാഫ്ൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി.