ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിര്‍ദ്ദേശത്തിന് സോപാധിക പിന്തുണയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ശരിയായ ഉദ്ദേശ്യത്തോടെ ചെയ്താല്‍ അത് രാജ്യത്തിന്റെ താല്‍പ്പര്യത്തിന് നല്ലതായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി ഉള്‍പ്പെടെ നിരവധി കക്ഷികളെ വിജയത്തിലേക്ക് നയിച്ച ഒരു തിരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് കിഷോര്‍. ഒരൊറ്റ വോട്ടെടുപ്പ് മാത്രമാണെങ്കില്‍ ചെലവും അധ്വാനവും കുറക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റരാത്രികൊണ്ട് മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ശരിയായ ഉദ്ദേശ്യത്തോടെ ചെയ്താല്‍, നാലോ അഞ്ചോ വര്‍ഷത്തെ കാലയളവിനുള്ളില്‍ അത് സാധ്യമാക്കിയാല്‍ നന്നായിരിക്കും. 'ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത്, ഓരോ വര്‍ഷവും ഒട്ടേറെ തെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ഇത് ഒന്നോ രണ്ടോ തവണയായി പരിമിതപ്പെടുത്തിയാല്‍ നല്ലത്. 'എന്നാല്‍ നിങ്ങള്‍ ഒറ്റരാത്രികൊണ്ട് പരിവര്‍ത്തനത്തിന് ശ്രമിച്ചാല്‍, പ്രശ്‌നങ്ങളുണ്ടാകുമെന്ന് കിഷോര്‍ പറഞ്ഞു.