മണിപ്പൂരും ഹരിയാനയും ആവര്‍ത്തിക്കരുത്, ബി.ജെ.പിയെ തോല്‍പിക്കണം- സ്റ്റാലിന്‍

ചെന്നൈ- ഇന്ത്യാ സഖ്യം അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ രാജ്യം മുഴുവനും മണിപ്പൂരിലെയും ഹരിയാനയിലെയും സ്ഥിതിഗതികള്‍ വരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നരേന്ദ്രമോഡി കള്ളം കൊണ്ടു കളിക്കുകയാണെന്നും വിമര്‍ശിച്ചു. ഇന്റര്‍നെറ്റ് വഴിയുള്ള തന്റെ സംവാദത്തിന്റെ ആദ്യ ഭാഗത്താണ് ബി.ജെ.പിയെ തമിഴ്‌നാട് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതുവരെ ആ വാഗ്ദാനം നിറവേറ്റിയിട്ടുണ്ടോ എന്ന് ചോിച്ച സ്റ്റാലിന്‍ മോഡിയുടെ വാഗ്ദാനമെല്ലാം പൊള്ളയാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനങ്ങളൊന്നും ബി.ജെ.പി ഒമ്പതു വര്‍ഷം ഭരണം നടത്തിയിട്ടും നടപ്പാക്കിയില്ല.

ഒരു പൗരന്റേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വന്നില്ല. ഒരു കര്‍ഷകന്റെയും വരുമാനം ഇരട്ടിച്ചില്ല, വാഗ്ദാനം ചെയ്യപ്പെട്ട വര്‍ഷം തോറുമുള്ള രണ്ടുകോടി തൊഴിലവസരം ഇതുവരെയും വന്നിട്ടില്ല. രാജ്യം മണിപ്പൂരും ഹരിയാനയും ആയി മാറാതിരിക്കാന്‍ ഇന്ത്യ സഖ്യത്തെ നിശ്ചയമായും ജയിപ്പിക്കണം. ഈ വര്‍ഷം മെയ് മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് വലിയ വംശീയകലാപമാണ് നടക്കുന്നത്. അടുത്തിടെ ഹരിയാനയില്‍ ഒരു മതഘോഷയാത്രക്കിടയിലും വര്‍ഗീയകലാപമുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതും തങ്ങളോട് സൗഹാര്‍ദ്ദമുള്ളവര്‍ക്ക് അവ വില്‍ക്കുന്നതും എയര്‍ ഇന്ത്യയെ പോലെയുള്ള വ്യവസായങ്ങളെ തകര്‍ക്കുന്നതും മൂടി വെയ്ക്കാനാണ് ബി.ജെ.പി വര്‍ഗീയത പറയുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇതിനെ മറികടക്കാന്‍ ബഹുസ്വരവും വൈവിധ്യപൂര്‍ണ്ണവുമായ ഇന്ത്യ രൂപപ്പെടുത്താന്‍ സ്റ്റാലിന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

 

 

Latest News