കൊച്ചി - മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ നടപടിക്കിരയായ ആറ് വിദ്യാര്‍ത്ഥികളും അധ്യാപകനായ ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞു. കോളേജ് കൗണ്‍സില്‍ തീരുമാനപ്രകാരമാണ് മാപ്പ് പറഞ്ഞത് തെറ്റ് ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉറപ്പ് നല്‍കി. കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ക്ലാസ് മുറിയില്‍ കളിച്ചും ചിരിച്ചും നടക്കുന്നതിന്റെയും, അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്. ക്ലാസിലെ ചില വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇവര്‍ക്കെതിരെ കേസെടുക്കരുതെന്ന് ഡോ.പ്രിയേഷ് അഭ്യര്‍ത്ഥിച്ചതിനാല്‍ മറ്റു നടപടികളുണ്ടായില്ല.