ചെന്നൈ - സനാതനധര്‍മം തുടച്ചുനീക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ സംസ്ഥാന വ്യാപകമായി കേസ് നല്‍കുമെന്ന് തമിഴ്‌നാട് ഹിന്ദു മക്കള്‍ കക്ഷി അറിയിച്ചു. സമ്മേളനത്തില്‍ സംസാരിച്ച ഉദയനിധിയും, പങ്കെടുത്ത തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 7 ന് പ്രതിഷേധവും നടത്തും. അതേസമയം എത്ര കേസുകള്‍ വന്നാലും നേരിടാന്‍ തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാകും എന്ന് കരുതി തന്നെയാണ് സംസാരിച്ചത്. ജാതിവ്യവസ്ഥയെ കുറിച്ച് പറഞ്ഞതിനെ കൂട്ടക്കൊലയോട് ഉപമിക്കുന്നത് ബാലിശമാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്തിനെയും നേരിടാന്‍ തയാറെന്നും ഉദയനിധി പ്രതികരിച്ചു.