മുംബൈ - എയർ ഇന്ത്യ വിമാനത്തിലെ ട്രെയിനി അറ്റൻഡന്റിനെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട ഛതിസ്ഗഡ് സ്വഗേശിനി രൂപാൽ ഓഗ്രെ(24) താമസിച്ച് ഫ്‌ളാറ്റിലെ ജീവനക്കാരൻ വിക്രം അത്വാളാ(40)ണ് പോലീസ് വലയിലായത്.
തിങ്കളാഴ്ച പുലർച്ചെ മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റിലാണ് യുവതിയെ ദുരൂഹ സാഹചര്യത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടന്ന് മണിക്കൂറുകൾക്കകം തന്നെ മുഖ്യ പ്രതിയെ പിടികൂടി ചോദ്യം ചെയ്ത് വരുകയാണെന്ന് പോലീസ് പറഞ്ഞു. യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ജോലി ചെയ്തിരുന്നയാളാണ് പ്രതിയെന്നും മുംബൈ പോലീസ് പറഞ്ഞു.
എയർ ഇന്ത്യയുടെ പരിശീലനത്തിനായി ഏപ്രിലിലാണ് യുവതി മുംബൈയിലെത്തിയത്. ഫഌറ്റിൽ സഹോദരിക്കും സഹോദരിയുടെ കാമുകനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. എന്നാൽ, എട്ടുദിവസം മുമ്പ് സഹോദരിയും കാമുകനും നാട്ടിലേക്ക് പോയിരുന്നു. തുടർന്നാണ് യുവാവ് അവസരം മുതലെടുത്ത് യുവതിക്കുനേരെ കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെയാണ് യുവതി അവസാനമായി കുടുംബത്തോട് സംസാരിച്ചത്. അതിനാൽ, ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലർച്ചേയ്ക്കും ഇടയിലാകാം കൊലപാതകമെന്നാണ് സംശയം.