ബെംഗളൂരു- ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് പ്രതിപക്ഷ പാർട്ടികളായ ബിജെപിയുടെയും ജെഡിഎസിന്റെയും എംഎൽഎമാരെ ചാടിക്കാനുള്ള നീക്കം കോൺഗ്രസ് ഊർജിതമാക്കി. ബിജെപിയിലേയും ജെഡി-എസിലെയും 20-ലധികം എംഎൽഎമാരെ ബന്ധപ്പെടുന്നുണ്ടെന്നും ചർച്ച അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്നും കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നു. അതേസമയം, അംഗങ്ങളുടെ പലായനം ഒഴിവാക്കാൻ പ്രതിപക്ഷമായ ബിജെപി, ജെഡിഎസ് നേതാക്കൾ തീവ്രശ്രമത്തിലാണ്.
പാർട്ടിയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കുന്നവരെ മാത്രമേ സ്വീകരിക്കൂ എന്ന് നേതാക്കൾ പരസ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കർണാടകയിൽ 20 ലോക്സഭാ സീറ്റെങ്കിലും നേടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സംസ്ഥാനത്ത് 25 സീറ്റുകൾ തൂത്തുവാരി ബിജെപി വൻ വിജയം നേടിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റും ജെഡിഎസിന് ഒരു സീറ്റും ലഭിച്ചപ്പോൾ ബി.ജെ.പി പിന്തുണച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു.
താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നേതാക്കളോട് ആഹ്വാനം ചെയ്തിരിക്കയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകമാർ പറഞ്ഞു. എംഎൽഎമാരേയും ബിജെപിയുടെയും ജെഡിഎസ്സിന്റെയും പ്രമുഖ നേതാക്കളേയും ചാടിക്കാനും കോൺഗ്രസിൽ ചേരാൻ അവരെ നിർബന്ധിക്കാനും പാർട്ടി കേഡറുകളോട് ആവശ്യപ്പെട്ടിരിക്കയാണ്.
ബിജെപിയിൽ നിന്നുള്ള മുൻ മന്ത്രിമാർ അടുത്തിടെ കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപിന്റെ ജന്മദിന പാർട്ടിയിൽ ശിവകുമാറിനെ കണ്ടതും അദ്ദേഹവുമായി ഏറെ നേരം സംസാരിച്ചതും സംസ്ഥാന രാഷ്ട്രീയ ഇടനാഴികളിൽ വലിയ ചർച്ചാ വിഷയമായിരുന്നു.മുൻമന്ത്രിമാരായ ബി.സി.പാട്ടീലും രാജു പാട്ടീലുമാണ് ഡി.കെ. ശിവകുവാറുമായി ദീർഘനേരം സംസാരിച്ചത്.
മുൻ മന്ത്രി എം.പി. രേണുകാചാര്യ ഉപമുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടപ്പോൾ ജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതും വാർത്തയായിരുന്നു. അടുത്തിടെ അദ്ദേഹം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനേയും രൂക്ഷമായി വിമർശിച്ചു. ഇക്കാര്യങ്ങളിൽ ബിജെപി ഇതുവരെ പ്രതികരിക്കാത്തത് കാവി പാർട്ടിയുടെ ദുർബ്ബലമായ നിലപാടാണ് കാണിക്കുന്നതെന്നും നിരീക്ഷകർ വിശദീകരിക്കുന്നു.
തെക്കൻ കർണാടകയിൽ കോൺഗ്രസിനോട് അടിയറവ് പറയുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടുകയും ചെയ്ത ജെഡി-എസും ഓപ്പറേഷൻ കൈപ്പത്തിയിൽ ആശങ്കാകുലരാണ്. പത്തിലധികം എംഎൽഎമാരെ ചാടിക്കാനും പാർട്ടിക്ക് തിരിച്ചടി നൽകാനുമാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. മന്ത്രിമാരായ എൻ.ചെലുവരയ്യസ്വാമിക്കും ബി.സെഡ് സമീർ ഖാനും കോൺഗ്രസ് ഈ ദൗത്നയം നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ജെഡി-എസിൽ നിന്ന് പാർട്ടിയിലെത്തിയ സമീർ അഹമ്മദ് ഖാൻ മുൻ മുഖ്യമന്ത്രി എച്ച്‌ഡി. കുമാരസ്വാമിയുമായി അടുപ്പത്തിലായിരുന്നു.
ജെഡി-എസ് ദുർബലമായാൽ അത് വൊക്കലിഗ സമുദായത്തിന്റെ മുഖമായി ഉയർന്നുവരാൻ ശിവകുമാറിനെ സഹായിക്കുമെന്നും. വിലയിരുത്തപ്പെടുന്നു.