ബെംഗളൂരു / ചെന്നൈ - ചന്ദ്രയാൻ മൂന്ന് ഉൾപ്പെടെ ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള വിവിധ വിക്ഷേപണ ദൗത്യങ്ങളിലെ ഐകോണിക് ശബ്ദസാന്നിധ്യമായ ശാസ്ത്രജ്ഞ എൻ വളർമതി (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
തമിഴ്‌നാട് അരിയനല്ലൂർ സ്വദേശിയായ വളർമതി ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ സെന്റർ റേഞ്ച് ഓപ്പറേഷൻ വിഭാഗം മാനേജരായിരുന്നു. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിലും കൗണ്ട് ഡൗണിലുമെല്ലാം സ്വര സാന്നിധ്യമായി ഇവർ ഉണ്ടായിരുന്നു. ത്രീ, ടു, വൺ എന്നിങ്ങനെ രാജ്യത്തെ പ്രതീക്ഷയുടെ മുൾമുനയിൽ നിർത്തിയുള്ള വിവിധ അഭിമാന ദൗത്യങ്ങളിലെ ആ കൗണ്ട് ഡൗൺ ശബ്ദം ഇനി ഓർമ മാത്രമായിരിക്കുകയാണ്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമിത റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്ഒന്നിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു വളർമതി. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ അബ്ദുൾ കലാം പുരസ്‌കാരം 2015-ൽ ലഭിച്ചതും ഇവർക്കായിരുന്നു. 1984-ൽ ഐ.എസ്.ആർ.ഒയുടെ ഭാഗമായ വളർമതി, ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇൻസാറ്റ് 2എ, ഐ.ആർ.എസ് 1സി, ഐ.ആർ.എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ചു. 2011-ൽ ജിസാറ്റ്12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐ.എസ്.ആർ.ഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിതയായിരുന്നു ഇവർ.
ശ്രീഹരിക്കോട്ടയിൽ നിന്നുമുള്ള ഐ.എസ്.ആർ.ഒയുടെ ഭാവി ദൗത്യങ്ങളിൽ വളർമതിയുടെ ശബ്ദസാന്നിധ്യം ഉണ്ടായിരിക്കില്ലെന്നത് വേദനാജനകമാണെന്ന് മുൻ ഡയറക്ടർ ഡോ. പി.വി വെങ്കിടകൃഷ്ണൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.