ന്യൂദൽഹി- ദൽഹിയിലെത്തി ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ കശ്മീരി മുസ്ലിംകളെ ആഹ്വാനം ചെയ്ത് വിഘടനവാദിയും സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകനുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ. താഴ്‌വരയിൽ താമസിക്കുന്ന കശ്മീരി മുസ്‌ലിംകളോട് ദൽഹിയിൽ പോയി ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് അദ്ദേഹം പുറത്തുവിട്ടത്. ഈ മാസം 9, 10 തീയതികളിൽ ദൽഹിയിലാണ് ദ്വിദിന ജി20 ഉച്ചകോടി.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തേക്ക് മാർച്ച് ചെയ്യാൻ പന്നൂൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ദൽഹിയിലെ ഐജിഐ വിമാനത്താവളത്തിൽ ഖാലിസ്ഥാനി പതാക ഉയർത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ദൽഹിയിലുടനീളമുള്ള നിരവധി മെട്രോ സ്റ്റേഷനുകൾ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയതിന് തൊട്ടുപിന്നാലെയാണിത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് എസ്എഫ്ജെയുമായി ബന്ധമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുപത്വന്ത് സിംഗ് പന്നുവിന്റെ നിർദ്ദേശപ്രകാരമാണ് മുദ്രാവാക്യങ്ങൾ എഴുതിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പഞ്ചാബി ബാഗ്, ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം, നംഗ്ലോയ് എന്നിവയുൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളുടെ ചുമരുകളിൽ 'ദൽഹി ബനേഗാ ഖലിസ്ഥാൻ', 'ഖാലിസ്ഥാൻ റഫറണ്ടം സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ കറുത്ത നിറത്തിൽ എഴുതിയതായി കണ്ടെത്തി. ഐഎസ്‌ഐയുമായും അതിന്റെ കെ2 (കാശ്മീർ-ഖാലിസ്ഥാൻ) അജണ്ടയുമായും പന്നൂന്റെ ബന്ധം വെളിപ്പെടുത്തുന്നതാണ് ഓഡിയോ സന്ദേശമാണ് അധികൃതർ കരുതുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒഴികെയുള്ള ജി 20 ഫോറത്തിന്റെ നേതാക്കൾ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ദൽഹിയിലെത്തും. ഇതാദ്യമായാണ് ജി20 ഉച്ചകോടി ദൽഹിയിൽ നടക്കുന്നതെന്നതിനാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്ര നിമിഷമാണ്.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ നിലവിലുണ്ടെന്നും നുഴഞ്ഞുകയറ്റമോ ഭീകരപ്രവർത്തനമോ അട്ടിമറിയോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ 1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ദൽഹി പോലീസ് അറിയിച്ചു.