ഭോപ്പാൽ- മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ഉമാഭാരതിയെ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ ഫഌഗ് ഓഫ് ചെയ്ത ജൻ ആശിർവാദ് യാത്രയിൽ അവഗണിച്ചു. 'ഞാൻ അവിടെയുണ്ടെങ്കിൽ മുഴുവൻ ജനശ്രദ്ധയും എന്നിലായിരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ ഭയപ്പെട്ടിട്ടുണ്ടാകുമെന്ന് ഉമാ ഭാരതി പരഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ അവരെ സർക്കാർ രൂപീകരിക്കാൻ സഹായിച്ചെങ്കിൽ 2003-ൽ ബി.ജെ.പിയെ വലിയ സർക്കാരുണ്ടാക്കാൻ ഞാനും സഹായിച്ചിട്ടുണ്ട്. -ഉമാഭാരതി പറഞ്ഞു.
'അദ്ദേഹം (സിന്ധ്യ) എനിക്ക് ഒരു മരുമകനെന്ന നിലയിൽ പ്രിയപ്പെട്ടതാണ്, പക്ഷേ യാത്രാ ലോഞ്ചിലേക്ക് ക്ഷണിക്കപ്പെടാൻ ഞാൻ യോഗ്യയായിരുന്നു. ഞാൻ അവിടെ പോകില്ലായിരുന്നു. പക്ഷേ ഞാൻ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യും. ഉമാഭാരതി കൂട്ടിച്ചേർത്തു.
ഒഴിവാക്കിയതിനെക്കുറിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉമാ ഭാരതിയെ മാറ്റിനിർത്തുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് പറഞ്ഞു. ബിജെപി നേതാക്കളെ അപമാനിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു.