ചെന്നൈ- മനുഷ്യര്‍ക്കിടയില്‍ അസമത്വം കല്‍പിക്കുന്ന സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന ധീരമായ ആഹ്വാനം മുഴക്കിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍, ആ വേദിയില്‍ മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു. അത് ഒരു പുസ്തക പ്രകാശനമായിരുന്നു.
സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് എന്ന പുസ്തകമാണ് ഉദയനിധി പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യ പേജില്‍ ഒരാള്‍ ഷൂ നക്കുന്ന ചിത്രമാണ്. രണ്ടാമത്തെ പേജില്‍ ഗാന്ധി വധത്തിന്റെ ചിത്രം. മൂന്നാമത്തെ പേജ് ശൂന്യം. അവിടെ മൂന്ന് പൂജ്യങ്ങള്‍ ഇട്ടായിരുന്നു പ്രകാശനം. പിന്നെയുള്ള പേജുകളൊക്കെ ശൂന്യം.
സവര്‍ക്കറുടെ മാപ്പിരക്കലും ഗാന്ധിയെ വധിച്ചതുമല്ലാതെ ആര്‍.എസ്.എസിന് സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലെന്ന പ്രഖ്യാപനമായിരുന്നു ഈ പുസ്തകപ്രകാശനം.
ഉദയനിധിയുടെ പ്രസംഗവും ഈ പ്രവൃത്തിയും ബി.ജെ.പിയെ തെല്ലൊന്നുമല്ല രോഷം കൊള്ളിച്ചത്. അതേസമയം, തമിഴ്‌നാട്ടില്‍ ഉദയനിധിക്ക് അനുകൂലമായി വന്‍തരംഗമാണ് ഉണ്ടായിരിക്കുന്നത്.