ബംഗളൂരു- കര്‍ണാടകയിലെ ശിവമോഗയില്‍ രണ്ട് മുസ്‌ലിം വിദ്യാര്‍ഥികളോട് 'പാക്കിസ്ഥാനിലേക്ക് പോകൂ' എന്ന് പറഞ്ഞ അധ്യാപികയെ സ്ഥലംമാറ്റി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി കൂടുതല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ശിവമോഗയിലെ ടിപ്പു നഗറില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ മഞ്ജുള ദേവി എന്ന അധ്യാപികക്കെതിരെയാണ് നടപടി. അഞ്ചാം ക്ലാസുകാരായ രണ്ട് മുസ് ലിം വിദ്യാര്‍ഥികള്‍ ക്ലാസില്‍ ബഹളം വെക്കുകയും അച്ചടക്കം ലംഘിച്ചെന്നും ആരോപിച്ച് 'ഇത് നിങ്ങളുടെ രാജ്യമല്ല, പാകിസ്ഥാനില്‍ പോകൂ' എന്ന് അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞെന്നാണ് പരാതി. ശിവമോഗയിലെ ജെ.ഡി.എസ് നേതാവ് നസ്‌റുല്ല സംഭവത്തില്‍ പരാതി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വകുപ്പുതല അന്വേഷണത്തിന് വിധേയായതിനെ തുടര്‍ന്നാണ് അധ്യാപികയെ സ്ഥലം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ശിവമോഗ) പരമേശ്വരപ്പ സി ആര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് പരാതി ലഭിച്ചത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികക്കെതിരെ നടപടി സ്വീകരിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി.