Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ യാത്ര; പഴയ ബസുകള്‍ പൂര്‍ണമായും ഒഴിവാക്കും

മക്ക - വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് ഉപയോഗിക്കുന്ന പഴയ ബസുകൾ പൂർണമായും ഒഴിവാക്കുന്നതിന് പദ്ധതി തയാറാക്കിയതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ജിദ്ദ, മക്ക, മദീന നഗരങ്ങൾക്കിടയിൽ ഹജ് തീർഥാടകരുടെ യാത്രക്ക് പഴയ ബസുകൾ ഉപയോഗിക്കുന്നത് മന്ത്രാലയം വിലക്കിയിട്ടുണ്ട്. നഗരങ്ങൾക്കിടയിൽ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ഏറ്റവും പഴക്കം ചെന്ന ബസുകൾക്ക് അഞ്ചു കൊല്ലത്തിലേറെ പഴക്കമില്ല. മൂന്നു കൊല്ലത്തിനുള്ളിൽ മുഴുവൻ പഴയ ബസുകളും ഒഴിവാക്കും. ഇതോടെ ജിദ്ദ, മക്ക, മദീന നഗരങ്ങൾക്കിടയിലും പുണ്യസ്ഥലങ്ങളിലും തീർഥാടകരുടെ ബസുകൾ കേടാകുന്ന പ്രശ്‌നം ഇല്ലാതാകും. 
ഹജ് മന്ത്രാലയം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പരിഷ്‌കരിച്ച ആപ്ലിക്കേഷൻ തീർഥാടകർക്ക് ഏറെ സഹായകമാകും. ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ബോധവൽക്കരണ സന്ദേശങ്ങളും കല്ലേറ് കർമം നിർവഹിക്കുന്നതിന് ജംറയിലേക്ക് പോകുന്നതിന് തീർഥാടകർക്ക് നിശ്ചയിച്ചു നൽകുന്ന സമയക്രമങ്ങളും ഹജുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളും അറിയുന്നതിന് ആപ്ലിക്കേഷൻ തീർഥാടകരെ സഹായിക്കും. മക്കയിലും പുണ്യസ്ഥലങ്ങളിലും ഗൈഡിന്റെ ആവശ്യമില്ലാതെ ആഗ്രഹിക്കുന്ന ഏതു സ്ഥലത്തും എത്തുന്നതിന് തീർഥാടകരെ സഹായിക്കുന്ന മാപ്പും ആപ്ലിക്കേഷനിലുണ്ട്. ജിദ്ദ, മദീന നഗരങ്ങളുടെ മാപ്പും ഇതിലുണ്ട്. ഭൂരിഭാഗം തീർഥാടകരും സംസാരിക്കുന്ന അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, തുർക്കി, മലായ്, ബംഗാളി എന്നീ ഏഴു ഭാഷകളിൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ട്. വൈകാതെ എട്ടാമത്തെ ഭാഷയും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുമെന്ന് ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. 'മനാസികനാ' എന്ന് പേരിട്ട പരിഷ്‌കരിച്ച ആപ്ലിക്കേഷൻ ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ ബുധനാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.  അതിനിടെ, അറഫ ഉദ്‌ബോധന പ്രസംഗം വിവർത്തനം ചെയ്യുന്ന പദ്ധതി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ  അൽസുദൈസ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, മലായ്, ഉർദു, പേർഷ്യൻ ഭാഷകളിലാണ് അറഫ ഖുതുബ വിവർത്തനം ചെയ്യുക. അഞ്ചു എഫ്.എം ഫ്രീക്വൻസികളിൽ പുണ്യസ്ഥലങ്ങളിൽ ഖുതുബ വിവർത്തനം ലഭിക്കും.  
 

Latest News