പല്ലേക്കലെ(ശ്രീലങ്ക)- ഏഷ്യാകപ്പിൽ ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യാ-പാക് മത്സരം ഭാഗികമായി മഴയെടുത്തെങ്കിലും കളിയിൽ പിറന്നത് റെക്കോർഡ്. ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീമിന്റെ പത്തുവിക്കറ്റുകളും പേസർമാർ വീഴ്ത്തുന്നത്. പാക് പേസ് ത്രയങ്ങളായ ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരാണ് ഇന്ത്യയുടെ പത്തു വിക്കറ്റുകളും വീഴ്ത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയെയും വിരാട് കോലിയെയും യഥാക്രമം 11, 4 എന്നിവയ്ക്ക് മടക്കിയയച്ച് ഇടംകയ്യൻ പേസ്മാൻ ഷഹീൻ അഫ്രീദി ഇന്ത്യയെ വിറപ്പിച്ചു. പിന്നീട് ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റും വീഴ്ത്തി. 10 ഓവറിൽ 35 റൺസ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. തുടക്കത്തിൽ ശരിയായ ലൈനും ലെങ്തും കണ്ടെത്താൻ പാടുപെട്ട ഹാരിസ് റൗഫ്, മത്സരം അവസാനിച്ചപ്പോൾ 9 ഓവറിൽ 58 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവറുകളിൽ പ്രയാസപ്പെട്ട നസീം ഷായും ഇന്ത്യൻ ഇന്നിംഗ്സിന്റെ പിൻനിരയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. 2022 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം പാക്കിസ്ഥാനുവേണ്ടി കളിച്ച എല്ലാ ഏകദിനങ്ങളിലും നസീം ഷാ വിക്കറ്റ് വീഴ്ത്തുന്നുണ്ട്. രണ്ട് ടീമുകളും പോയിന്റ് പങ്കിട്ടെങ്കിലും, രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് നേടി പാകിസ്ഥാൻ സൂപ്പർ 4 ലേക്ക് യോഗ്യത നേടി. ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരായ അനായാസ ജയം പാക്കിസ്ഥാൻ നേടിയിരുന്നു. ഇപ്പോൾ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യക്ക് സൂപ്പർ ഫോർ ഘട്ടത്തിലേക്ക് കടക്കാൻ ഇന്ന് നടക്കുന്ന മത്സരത്തിൽ നേപ്പാളിനെ തോൽപ്പിക്കണം.
പാക് നായകനെതിരെ വിമർശനം
ഏഷ്യാ കപ്പിലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് എ പോരാട്ടത്തിൽ ബാബർ അസമിന്റെ ക്യാപ്റ്റൻസിക്കെതിരെ മുൻ പാകിസ്ഥാൻ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. പാകിസ്ഥാൻ ഫാസ്റ്റ് ബൗളർമാർ അസാധാരണമായ പ്രകടനമാണ് നടത്തിയതെന്ന് പ്രശംസിക്കുമ്പോഴും മുൻ ഫാസ്റ്റ് ബൗളർ ശുഐബ് അക്തർ കൂടുതൽ മെച്ചപ്പെട്ട നീക്കം നടത്തിയിരുന്നെങ്കിൽ ഇന്ത്യയെ 40 ഓവറിനുള്ളിൽ പുറത്താക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. പേസ്, സ്പിൻ രീതി മാറിമാറി ഉപയോഗിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനെന്ന നിലയിൽ ബാബർ അസം കൂടുതൽ ആക്രമണോത്സുകനായിരിക്കണം,' അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കമന്റേറ്ററായി മാറിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും അസമിന്റെ ക്യാപ്റ്റൻസിയിലെ ദൗർബല്യത്തെ പറ്റി സംസാരിച്ചു. തന്റെ സീമർമാരെ ഫലപ്രദമായി വിനിയോഗിക്കാത്തതിനാൽ അസമിന് നിർണായകമായ ഒരു അവസരം നഷ്ടമായെന്ന് ചോപ്ര വ്യക്തമാക്കി. ബൗളിംഗിൽ പാകിസ്ഥാൻ കൂടുതൽ ആക്രമണാത്മക സമീപനം സ്വീകരിക്കേണ്ടതായിരുന്നുവെന്ന് ചോപ്ര പറഞ്ഞു.
എതിർ ടീം 66/4 എന്ന നിലയിൽ നിൽക്കുമ്പോൾ ബാബർ അസമിന് കൂടുതൽ അവസരമുണ്ടായിരുന്നു. നിങ്ങൾക്ക് 30 ഓവർ ഫാസ്റ്റ് ബൗളിംഗ് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു വലിയ ട്രിക്ക് നഷ്ടമായെന്ന് ഞാൻ കരുതുന്നു. അതാണ് ഇന്ത്യക്ക് കൂടുതൽ റൺസ് നേടാൻ കഴിഞ്ഞതെന്നും ആകാശ് ചോപ്ര പറഞ്ഞു. ഞങ്ങൾക്ക് പ്രശ്നമില്ല, പക്ഷേ പാകിസ്ഥാൻ യഥാർത്ഥത്തിൽ ഉള്ളിലേക്ക് നോക്കണം, ക്യാപ്റ്റൻസി പിശക് സംഭവിച്ചുവെന്ന് പറയണം-അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറും ബാബറിന്റെ ബൗളിംഗ് രീതിയിൽ അമ്പരന്നു. നീണ്ട സ്പെല്ലുകളിലൂടെ കടന്നുപോകാൻ ഫാസ്റ്റ് ബൗളർമാർക്ക് കഴിയില്ലെന്ന് എനിക്കറിയാം. എങ്കിലും ഫാസ്റ്റ് ബൗളർമാരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ഫാസ്റ്റ് ബൗളിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ പാക്കിസ്ഥാന്റെ പേസർമാരുടെ കുറവ് എടുത്തുപറഞ്ഞു. 21 ഓവറിൽ വിക്കറ്റ് പോലുമില്ലാതെ സ്പിന്നർമാരിൽ നിന്ന് ഇന്ത്യ നേടിയ 133 റൺസ് കളി മാറ്റിമറിച്ചു. ഇന്ത്യ ബൗൾ ചെയ്യുമ്പോഴും പാകിസ്ഥാൻ 66/4 എന്ന നിലയിലായിരുന്നെങ്കിൽ ഇന്ത്യ ഫാസ്റ്റ് ബൗളിംഗ് തുടരുമായിരുന്നുവെന്നും പത്താൻ പറഞ്ഞു.