റിയാദ്- സ്വദേശി ജീവനക്കാര്‍ക്ക് നല്‍കുന്ന തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് സഹായ വിഹിതം ലഭിക്കാന്‍ നാലായിരം റിയാല്‍ ശമ്പളം നല്‍കണമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് (ഹദഫ്) വ്യക്തമാക്കി. തൊഴില്‍ വിപണിയില്‍ ദേശീയ മനുഷ്യ വിഭവ ശേഷിയുടെ സുസ്ഥിരത വര്‍ധിപ്പിക്കുന്നതിനും ബിസിനസ് മേഖലകളെ ശാക്തീകരിക്കുന്നതിനുമുള്ള ഹദഫിന്റെ പുതിയ പദ്ധതികളെ അടിസ്ഥാനമാക്കിയാണ് 3200 റിയാലില്‍ നിന്ന് നാലായിരം റിയാല്‍ ശമ്പളം നല്‍കണമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചത്.
നിലവില്‍ സാമൂഹ്യ ഇന്‍ഷുറന്‍സ് അഥവാ ഗോസിയില്‍ ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ തിയ്യതി മുതല്‍ 120 ദിവസത്തിനുള്ളിലാണ് ഹദഫില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് ഭേദഗതി വരുത്തി 90 ദിവസത്തെ പ്രൊബേഷന്‍ സമയം അവസാനിച്ചാല്‍ രജിസ്റ്റര്‍ ചെയ്യാമെന്ന വ്യവസ്ഥയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത് അംഗീകാരം ലഭിച്ചാല്‍ സൗദി ജീവനക്കാരന്റെ 30 മുതല്‍ 50 ശതമാനം വരെ ശമ്പളം ഹദഫ് രണ്ട് വര്‍ഷത്തേക്ക് നല്‍കും. സ്ഥാപനങ്ങള്‍ ബാക്കി സംഖ്യ അവരുടെ ബാങ്ക് എകൗണ്ടുകളില്‍ നല്‍കിയാല്‍ മതി. എന്നാല്‍ പ്രൊബേഷന്‍ സമയത്തെ മുഴുവന്‍ ശമ്പളവും സ്ഥാപനം തന്നെ നല്‍കണം. ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത് 91 മുതല്‍ 180 ദിവസത്തിനുള്ളില്‍ ഹദഫില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 180 ദിവസം കഴിഞ്ഞ ശേഷമുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയില്ല. സെപ്തംബര്‍ അഞ്ച് ചൊവ്വാഴ്ച മുതലാണ് ഈ ഭേദഗതി നിലവില്‍ വരിക. നിലവില്‍ സഹായം ലഭിക്കുന്നവര്‍ക്ക് പഴയ വ്യവസ്ഥ തന്നെ തുടരും.