ഹാസൻ - മയക്കുവെടി വെച്ച ഉദ്യോഗസ്ഥനെ കാട്ടാന ചവിട്ടിക്കൊന്നു. എലിഫന്റ് ടാസ്‌ക് ഫോഴ്‌സിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കർണാടക മുൻ വനം വകുപ്പ് ഉദ്യോഗസ്ഥനായ എച്ച്.എച്ച് വെങ്കിടേഷി(67)നെയാണ് ഭീമ എന്ന കാട്ടാന ചവിട്ടിക്കൊന്നത്. കർണാടകയിലെ ഹാസൻ ജില്ലയിലെ ഹള്ളിയൂരിലെ ഒരു കാപ്പിത്തോട്ടത്തിൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരുക്കേറ്റ ഭീമ എന്ന കാട്ടാനയ്ക്കുനേരെ വെങ്കിടേഷ് മയക്കുവെടി വെച്ച ഉടനെ പാഞ്ഞടുത്ത് ആക്രമിക്കുകയാണുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് മറ്റുളള ഉദ്യോഗസ്ഥരും നാട്ടുകാരും ആനയെ ബഹളം വച്ച് ഓടിച്ച ശേഷം വെങ്കിടേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. അൻപതോളം കാട്ടാനകളെ ധീരമായി കീഴടക്കിയ ഉദ്യോഗസ്ഥനായിരുന്നു വെങ്കിടേഷ്.
വനം വകുപ്പിന്റെ അനാസ്ഥയാണ് അച്ഛന്റെ മരണത്തിന് കാരണമെന്ന് മകൻ ആരോപിച്ചു. സംഭവത്തിൽ വെങ്കിടേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു.