മദീന, മക്ക സന്ദർശനങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ സമീറാ അസീസിനോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് രാഖി മടങ്ങിയത്. അന്നേരം അവർ പറഞ്ഞു: അൽഹംദുലില്ലാ.. എന്റെ മനസ്സിന്റെ ഭാരമൊഴിഞ്ഞു. മറക്കാനാവില്ല, ഈ അനുഭവം. ഞാൻ ഇനിയും വരും. പുണ്യകേന്ദ്രങ്ങൾ എന്നെ അത്രമേൽ റിലാക്‌സ്ഡ് ആക്കി. വീണ്ടും വീണ്ടും വിശുദ്ധനഗരങ്ങൾ എന്നെ തിരിച്ചുവിളിക്കുന്നു. സിനിമാഭിനയം നിർത്താൻ ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ അവർ സമീറയോട് പറഞ്ഞു: കുലീനമായ വസ്ത്രധാരണത്തോടെയുള്ള ഏത് വേഷങ്ങൾ ലഭിച്ചാലും ഞാൻ അഭിനയിക്കും. അന്തസ്സുള്ള റോളുകൾ ലഭിച്ചാൽ ഉപേക്ഷിക്കില്ല. പൊതുവേദികളിൽ ഹിജാബ് ധരിക്കും.
ഉംറ നിർവഹിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച (30 ന്) തിരികെ മുംബൈ വിമാനത്താവളത്തിലിറങ്ങിയ രാഖി സാവന്തിനു ചുറ്റും ആരാധകർ ബൊക്കെയും പൂമാലകളുമായി അണിനിരന്ന് ആർപ്പ് വിളിച്ചു. ശിരസ്സ് മൂടിയ ശുഭ്രവസ്ത്രധാരിണിയായ അവർ പറഞ്ഞു: രാഖി നഹി, ഫാത്തിമ ബോലോ..
ജനങ്ങൾ അവരെ ഫാത്തിമ എന്നു വിളിച്ചു. സ്‌നേഹാദരങ്ങളോടെ വരവേറ്റു. മക്കാ അനുഭവം വിവരിച്ചു കൊടുക്കാൻ ലോനാവാലയിലെ ഫ്‌ലാറ്റിൽ അമ്മയില്ലെന്ന ദുഃഖം മാത്രം ബാക്കിനിന്നു. ബിഗ് ബോസ് വഴിയിലുപേക്ഷിക്കാൻ കാരണമായത് അമ്മയുടെ അസുഖമായിരുന്നു.
അർബുദം ബാധിച്ച് മരണപ്പെട്ട അമ്മയെക്കുറിച്ചോർത്താണ് തന്റെ വലിയ ദുഃഖമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ തന്റെ ജിദ്ദയിലെ ആതിഥേയ സുഹൃത്തിനെ അറിയിച്ചു.