വാരണാസി- ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് സർവേയുടെ റിപ്പോർട്ട് സമർപ്പിക്കാൻ എട്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) വാരണാസി കോടതിയിൽ അപേക്ഷ നൽകി. ഗ്യാൻവാപി മസ്ജിദ് വളപ്പിലെ ബാരിക്കേഡുകളുള്ള സ്ഥലത്ത്, സീൽ ചെയ്ത ഭാഗം ഒഴികെ ഓഗസ്റ്റ് 4 മുതൽ എഎസ്ഐ സർവേ നടത്തിയിരുന്നു.
എഎസ്‌ഐക്ക് വേണ്ടി കേന്ദ്ര സർക്കാരിൻറെ സ്റ്റാൻഡിംഗ് അഭിഭാഷകൻ അമിത് കുമാർ ശ്രീവാസ്തവയാണ് അപേക്ഷ സമർപ്പിച്ചത്. പള്ളിയുടെ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്‌ഐക്ക് എട്ട് ആഴ്ച കൂടി സമയം നൽകണമെന്ന് കോടതിയോട് അഭ്യർഥിച്ചതായി ശ്രീവാസ്തവ പറഞ്ഞു. അഡീഷണൽ ജില്ലാ ജഡ്ജിയുടെ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചതെന്നും ജില്ലാ ജഡ്ജി മുമ്പാകെ ഉന്നയിക്കാൻ അഡീഷണൽ ജില്ലാ ജഡ്ജി നിർദ്ദേശിച്ചുവെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവേ ഇപ്പോഴും തുടരുകയാണെന്നും സർവേ പൂർത്തിയാക്കാനും റിപ്പോർട്ട് സമർപ്പിക്കാനും എഎസ്ഐ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കയാണെന്നും ശൃംഗാർ ഗൗരി-ഗ്യാൻനവാപി വിഷയത്തിൽ രണ്ടു മുതൽ അഞ്ചു വരെ ഹരജിക്കാരുടെ അഭിഭാഷകൻ സുഭാഷ് നന്ദൻ ചതുർവേദി പറഞ്ഞു. സമയം നീട്ടുന്നതിനെതിരെ എതിർ ഹരജി ഫയൽ ചെയ്യുമെന്ന് മസ്ജിദ് നിയന്ത്രിക്കുന്ന അഞ്ജുമൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റിയുടെ (എഐഎംസി) അഭിഭാഷകൻ മുംതാസ് അഹമ്മദ് പറഞ്ഞു.
വാരണാസി ജില്ലാ ജഡ്ജിയുടെ ഉത്തരവിന് അനുസൃതമായാണ് എഎസ്ഐ ഗ്യാനവാപി പള്ളിയിൽ ശാസ്ത്രീയ സർവേ നടത്തുന്നത്. പുരാവസ്തു ഗവേഷകർ, ആർക്കിയോളജിക്കൽ കെമിസ്റ്റുകൾ, എപ്പിഗ്രാഫിസ്റ്റുകൾ, സർവേയർമാർ, മറ്റ് വിദഗ്ധർ എന്നിവരുടെ ഒരു സംഘം ശാസ്ത്രീയ അന്വേഷണങ്ങളിലും ഡോക്യുമെന്റേഷനിലും ഏർപ്പെട്ടിരിക്കുകയാണെന്ന് എഎസ്ഐയുടെ ഹരജിയിൽ പറയുന്നു.