ടിൻസുകിയ- ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ അസം സർക്കാർ ഡിസംബറിൽ നിയമസഭയിൽ അവതരിപ്പിച്ചേക്കും.അടുത്ത 45 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ലിന് അന്തിമരൂപം നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ടിൻസുകിയയിൽ സർവകക്ഷി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിർദ്ദിഷ്ട ബില്ലിനെക്കുറിച്ച് ഞങ്ങൾ പൊതുജനാഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയിട്ടുണ്ട്. പൊതു അറിയിപ്പിന് മറുപടിയായി ഞങ്ങൾക്ക് ആകെ 149 നിർദ്ദേശങ്ങൾ ലഭിച്ചു. ഇതിൽ 146 നിർദ്ദേശങ്ങൾ ബില്ലിന് അനുകൂലവും ബഹുഭാര്യത്വം നിരോധിക്കുന്നതിന് പിന്തുണ നൽകുന്നതുമാണ്. മൂന്ന് നിർദ്ദേശങ്ങൾ ബഹുഭാര്യത്വം നിരോധിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. അടുത്ത ഘട്ടം ബില്ലിന്റെ കരട് തയ്യാറാക്കലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത 45 ദിവസത്തിനുള്ളിൽ ഞങ്ങൾ ബില്ലിന് അന്തിമരൂപം നൽകും. ഈ വർഷം ഡിസംബറിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.അസമിൽ ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരാൻ സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടാൻ നേരത്തെ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
സംസ്ഥാനത്ത് ലൗ ജിഹാദ് തടയാൻ ബില്ലിൽ ചില പോയിന്റുകൾ ചേർക്കുമെന്നും മുഖ്യമന്ത്രി ശർമ പറഞ്ഞു. ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവേഴ്‌സ് ആക്‌ട് (അഫ്‌സ്‌പ) പിൻവലിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്ത് ഈ മാസം അവസാനത്തോടെ കൃത്യമായ തീരുമാനമുണ്ടാകും- അദ്ദേഹം പറഞ്ഞു.