Sorry, you need to enable JavaScript to visit this website.

ജി 20 ഉച്ചകോടി: 207 ട്രെയിനുകള്‍ റദ്ദാക്കി,  ദല്‍ഹിയില്‍ പൊതു അവധി 

 ന്യൂദല്‍ഹി- ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ 207 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി. ആറ് ട്രെയിനുകള്‍ വഴി തിരിച്ചുവിടും. ന്യൂഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകള്‍ ഗാസിയാബാദ്, നിസാമുദീന്‍ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുമെന്നും അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.സെപ്റ്റംബര്‍ 9,10 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 10ന് 100 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയില്‍ ഭൂരിഭാഗവും ഡല്‍ഹിയില്‍ നിന്ന് തെക്കന്‍ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പല്‍വാള്‍ റൂട്ടുകളിലാണ് ഓടുന്നത്. ഇതിന് പുറമെ, സെപ്റ്റംബര്‍ 11ന് ഡല്‍ഹി-രെവാറി എക്സ്പ്രസ് സ്പെഷ്യലും രെവാരി-ഡല്‍ഹി എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 
ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത്  സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല.ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പൊതു അവധി നല്‍കിയത്. ഡല്‍ഹി പ്രഗതി മൈതാനിലാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ നേതാക്കളുടെ സംഗമമായ ജി 20 ഉച്ചകോടി നടക്കുന്നത്. 
 

Latest News