കോട്ടയം - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുമോ, മുംബൈയിലെ 'ഇന്ത്യാ' മുന്നണിയുടെ വാർത്താസമ്മേളനം ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി ബഹിഷ്‌കരിച്ചോ എന്നീ ചോദ്യങ്ങളിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ. പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായാണ് കെ.സിയുടെ പ്രതികരണം.
മുംബൈയിൽ നടന്ന രണ്ടുദിവസത്തെ 'ഇന്ത്യ' മുന്നണി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതല്ല. അവരുടെ വിമാനം 4.15ന് നിശ്ചയിച്ചതു കൊണ്ട് അവർ നേരത്തെ മടങ്ങിയതിനാലാണ് വാർത്താസമ്മേളനത്തിൽ ഇല്ലാതെ പോയതെന്ന് അദ്ദേഹം വിശദീകരിച്ചു.
രാഹുൽ ഗാന്ധി കേരളത്തിൽ വീണ്ടും മൽസരിക്കുമോ എന്ന ചോദ്യത്തിന് ആര്, എവിടെ മത്സരിക്കണം എന്ന് കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഒപ്പം രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ തെരഞ്ഞെടുക്കട്ടെ എന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വമ്പൻ വിജയം നേടും. സി.പി.എം സെക്രട്ടറി ഗോവിന്ദൻ മാഷ് ഇതിനകം മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞു. സർക്കാരിന്റെ ചെയ്തികൾക്കും ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയാവും പുതുപ്പള്ളിയിലെ ഓരോ വോട്ടും. നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയത്തിനെതിരെ ജനം പ്രതികരിക്കും. ഉമ്മൻ ചാണ്ടിക്ക് ചികിത്സ കിട്ടിയില്ലെന്ന പ്രചാരണം ക്രൂരമാണ്. ഇതിനുള്ള തിരിച്ചടിയാകും ജനവിധി. ഒരു ഓഡിയോ ക്ലിപ്പും ജനങ്ങളെ സ്വാധീനിക്കില്ല. ഏറ്റവും കൂടുതൽ വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുക ഗോവിന്ദൻ മാഷിന്റെ പെട്ടിയിൽ നിന്നാകും. എല്ലാ പാർട്ടികളിൽ നിന്നുമുള്ള വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും സാഹചര്യം പരിഗണിച്ച് ബി.ജെ.പിയുടെ സാധ്യത ഇല്ലാതാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കാണ് 'ഇന്ത്യ' മുന്നണി രൂപം നൽകിയത്. കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ഇവിടെ കോൺഗ്രസും സി.പി.എമ്മും തമ്മിൽ മുമ്പത്തേതുപോലുള്ള മത്സരം തന്നെയാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.