ഹൈദരാബാദ്- ബാങ്കിലെ കവര്‍ച്ചാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ബാങ്കിനെ അഭിനന്ദിച്ച് കള്ളന്റെ കുറിപ്പ്. തെലങ്കാനയിലെ നെന്നാലില്‍ പ്രവര്‍ത്തിക്കുന്ന തെലങ്കാന ഗ്രാമീണ ബാങ്കിന്റെ ശാഖയിലാണ് സുരക്ഷാകാര്യത്തില്‍ ബാങ്കിനെ അഭിനന്ദിച്ചുള്ള കുറിപ്പ് എഴുതിവെച്ച് കള്ളന്‍ സ്ഥലംവിട്ടത്. നല്ല ബാങ്കാണെന്നും ഒരുരൂപ പോലും തനിക്ക് കിട്ടിയില്ലെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പിടിക്കാന്‍ വരേണ്ടെന്നും കള്ളന്‍ എഴുതിയിരുന്നു.
പ്രധാന വാതില്‍ തകര്‍ത്ത് മോഷ്ടാവ് ബാങ്കിനകത്ത് കയറിയെങ്കിലും ലോക്കര്‍ തുറക്കാനായില്ല. തുടര്‍ന്നാണ് ഒരു പത്രകടലാസില്‍ ബാങ്കിനെ അഭിനന്ദിച്ചുള്ള കുറിപ്പും എഴുതിവെച്ച് കടന്നുകളഞ്ഞത്.
'എന്റെ വിരലടയാളം ഇവിടെയുണ്ടാകില്ല. ഇത് നല്ല ബാങ്കാണ്. ഇവിടെനിന്ന് എനിക്ക് ഒരുരൂപ പോലും കിട്ടിയില്ല. അതുകൊണ്ട് എന്നെ പിടിക്കേണ്ടതുമില്ല' എന്നായിരുന്നു കുറിപ്പില്‍.
വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ബാങ്കിലെ കവര്‍ച്ചാശ്രമം പുറത്തറിയുന്നത്. തുടര്‍ന്ന് ബാങ്കിനകത്ത് പരിശോധന നടത്തിയതോടെയാണ് കുറിപ്പ് കണ്ടെത്തിയത്. മോഷ്ടാവിന് ലോക്കര്‍ തുറക്കാനായിട്ടില്ലെന്നും ബാങ്കില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ജീവനക്കാര്‍ സ്ഥിരീകരിച്ചു.