ഇന്ത്യയില്‍ കാര്യങ്ങളാകെ മാറി മറിയുകയാണ്. രാജസ്ഥാനിലെ വിപണിയില്‍ ഇപ്പോള്‍ പാലിനേക്കാള്‍ വില ഗോമൂത്രത്തിനുണ്ടെന്ന് പ്രമുഖ സാമ്പത്തിക പത്രമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പശുവിന്‍ പാല്‍ നിങ്ങള്‍ക്ക് ഇരുപത് രൂപയ്ക്ക് ഒരു ലിറ്റര്‍ ലഭിച്ചെന്ന് വരും.
എന്നാല്‍ ഗോമൂത്രമാണ് വേണ്ടതെങ്കില്‍ മുപ്പത് രൂപയെങ്കിലും കൊടുക്കണം. ക്വാളിറ്റി കൂടുമ്പോള്‍ നിരക്ക് അമ്പത് രൂപ വരെയാവും. രാജസ്ഥാനിലെ ക്ഷീരകര്‍ഷകരാണ് കോളടിച്ചത്. ചില മരുന്നുകളുടെ ചേരുവയായും ചടങ്ങുകള്‍ക്കുമെല്ലാം ഗോമൂത്രം ഉപയോഗിച്ചു വരുന്നു.
രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കാത്തിരുന്നാണ് ക്ഷീരകര്‍ഷകര്‍ വില്‍പ്പനയ്ക്കുള്ള മൂത്രം ശേഖരിക്കുന്നത്. പലചരക്ക് കടകളില്‍ മറ്റ് പാനിയങ്ങള്‍ക്കൊപ്പം കുപ്പിയിലാക്കിയ ഗോമൂത്രവും രാജസ്ഥാനില്‍ ലഭ്യമാണ്. ഗിര്‍, തര്‍പാര്‍കര്‍ തുടങ്ങി കൂടിയ ഇനത്തില്‍പെട്ട പശുക്കളുടെ മൂത്രത്തിനാണ് കൂടിയ നിരക്ക്. ഗോമൂത്രത്തിന് ചില ഔഷധഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗത്തിനുള്ള പ്രതിവിധി ഗോമൂത്രത്തിലുണ്ടെന്നാണ് ചിലരുടെ അനുഭവം. കീടനാശിനിക്ക് ബദലായും ഇവിടെ ഗോമൂത്രം ഉപയോഗിച്ച് വരുന്നു. ഗോമൂത്രം വില്‍പ്പന തുടങ്ങിയതോടെ വരുമാനത്തില്‍ 30 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ജയ്പ്പൂരില്‍ നിന്നുള്ള ക്ഷീരകര്‍ഷകനായ കൈലാഷ് പറഞ്ഞു. ബി.ജെ.പി ഭരിക്കാന്‍ തുടങ്ങിയതോടെയാണ് ഗോമൂത്രം മറ്റൊരു ലെവലിലേക്ക് ഉയര്‍ന്നത്.