ന്യൂദല്‍ഹി- ആര്‍. എസ്. എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ട്രമല്ലെന്നും ബഹുസ്വര രാഷ്ട്രമാണെന്നും സ്വാമി പ്രസാദ് മൗര്യ തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പറഞ്ഞു.
നമ്മുടെ ഭരണഘടന ഒരു മതേതര രാഷ്ട്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇന്ത്യയിലെ എല്ലാ ജനങ്ങളും ഇന്ത്യക്കാരാണെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും വിഭാഗങ്ങളുടെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് ഹിന്ദിയിലെ ട്വീറ്റില്‍ എഴുതി.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ഹിന്ദുക്കള്‍ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നുവെന്നും മധുകര്‍ ഭവനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.