ചെന്നൈ- പ്രമുഖ തമിഴ് ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. അപൂർവ്വ സഹോദരങ്ങൾ, മൈക്കൾ മദന കാമരാജൻ, അൻപേ ശിവം, ഉന്നൈപ്പോൽ ഒരുവൻ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. പുതുതായി ഇറങ്ങിയ കോലമാവ് കോകില, ധാരാള പ്രഭു, സൂരറൈ പോട്ര്, ഗാർഗി എന്നീ ചിത്രങ്ങളിലെ വേഷവും ശ്രദ്ധ പിടിച്ചുപറ്റി. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമിലും അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിലും പ്രത്യക്ഷപ്പെട്ടു. പന്നീർ പുഷ്പമാണ് ആദ്യചിത്രം. 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്.
നടനും നിർമാതാവുമായിരുന്ന എം. ആർ. സന്താനത്തിന്റെ മകനായി 1956-ൽ ചെന്നൈയിലാണ് ജനനം. അഭിനയത്തിന് പുറമേ സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.