ജയ്പൂർ- രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിൽ യുവതിയെ പരസ്യമായി മർദിക്കുകയും വസ്ത്രമുരിഞ്ഞ് ക്യാമറയിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മറ്റ് ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. നാലു മാസം ഗർഭിണിയായ ഇരുപതുകാരിയാണ് ക്രൂരതക്കിരയായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
യുവതിയുടെ ഭർത്താവ് കാന മീണ,നാഥു മീണ, വെളിയ മീണ എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും പിടികൂടുന്നതിനിടെ പ്രതികൾക്ക് പരിക്കേറ്റതായി രാജസ്ഥാൻ പോലീസ് പറഞ്ഞു.പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മൂന്ന് പ്രതികൾ അറസ്റ്റിലായി ചികിത്സയിലാണെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും ബൻസ്‌വാര ഐജി എസ് പരിമള പറഞ്ഞു.
ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം.കഴിഞ്ഞ വർഷം വിവാഹിതയായ യുവതി അയൽവാസിയായ യുവാവിനൊപ്പം ഒളിച്ചോടിയെന്നാരോപിച്ചാണ് ഭർത്താവും മരുമക്കളും ചേർന്ന് മർദിച്ചത്. പ്രതികൾ യുവതിയെ നഗ്നയാക്കി ഗ്രാമത്തിൽ പരേഡ് നടത്തുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പ്രചരിപ്പിക്കരുതെന്ന് പ്രതാപ്ഗഡ് പോലീസ് അഭ്യർത്ഥിച്ചു.