ന്യൂദല്‍ഹി - ദല്‍ഹി ഐ ഐ ടിയില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. 21 കാരനായ അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ബിടെക് മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനില്‍ കുമാര്‍. ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ദല്‍ഹി ഐ ഐ ടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇതാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. അതേസമയം ദുരൂഹതകളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നുമാണ് പോലീസ് പറയുന്നത്.