ന്യൂദൽഹി- സ്വവർഗ പ്രേമികളായ യുവതികളെ ഭീഷണിപ്പെടുത്തുന്ന കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും താക്കീത് നൽകി ദൽഹി ഹൈക്കോടതി. യുവതിയെയോ പങ്കാളിയെയോ ഭീഷണിപ്പെടുത്തുകയോ അനാവശ്യ സമ്മർദ്ദം ചെലുത്തുകയോ ചെയ്യരുതെന്നും ദമ്പതികൾക്ക് അവർ കരുതുന്നതുപോലെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
22 കാരിയായ യുവതിയുടെ സുഹൃത്ത് നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതിയുടെ തീരുമാനം. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
യുവതിയുടെ ലൈംഗിക ആഭിമുഖ്യം മനസ്സിലാക്കാനും അവളെ അതേപടി സ്വീകരിക്കാനും സഹായിക്കുന്നതിന് ലെസ്ബിയൻ സ്ത്രീയുടെ മാതാപിതാക്കളോടും മാതൃസഹോദരനോടും കൗൺസിലിംഗിന് വിധേയരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. പ്രായപൂർത്തിയായ സ്ത്രീ കുടുംബത്തിലേക്ക് മടങ്ങിവരാതിരിക്കാനും അവളുടെ പങ്കാളിയോടൊപ്പം താമസിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വന്തം തിരഞ്ഞെടുപ്പ് നടത്താനുള്ള സ്ത്രീയുടെ അവകാശത്തെ കോടതി അംഗീകരിക്കുന്നു. ഹരജിക്കാരിയെയോ അവളുടെ പങ്കാളിയെയോ ഭീഷണിപ്പെടുത്താനോ സമ്മർദ്ദം ചെലുത്താനോ ഒരു കക്ഷിയും ശ്രമിക്കരുതെന്നും വ്യക്തമാക്കിയ കോടതി ഉത്തരവ് ലംഘിച്ചാൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
യുവതിയെ പങ്കാളി സ്വാധീനിച്ചെന്നും സ്വവർഗരതി അംഗീകരിക്കുന്നത് വീട്ടുകാർക്ക് വെല്ലുവിളിയാണെന്നും ലെസ്ബിയൻ സ്ത്രീയുടെ അമ്മാവൻ അവകാശപ്പെട്ടു.
യുവതിയെ ഒരു ഷെൽട്ടർ ഹോമിലേക്ക് മാറ്റാനും താമസസൗകര്യം ഒരുക്കാനും ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ഹിയറിംഗിൽ പോലീസിനോട് നിർദ്ദേശിച്ചിരുന്നു. യുവതിക്ക് കൗൺസിലിംഗ് സെഷൻ നൽകാൻ ഷെൽട്ടർ ഹോം ഡയറക്ടറോടും കോടതി ആവശ്യപ്പെട്ടിരുന്നു, അതേസമയം അവളുടെ കുടുംബാംഗങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കൗൺസിലിംഗ് നൽകണമെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാനും ആത്മപരിശോധന നടത്താനും അവരെ ഷെൽട്ടർ ഹോമിലേക്ക് അയക്കാൻ മാതാപിതാക്കൾ സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളെയോ ബന്ധുക്കളെയോ അനുഗമിക്കാൻ താൻ തയ്യാറല്ലെന്നും ഹരജിക്കാരിനൊപ്പമോ ഷെൽട്ടർ ഹോമിലേക്കോ പോകാമെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.