ചെന്നൈ-ലോകം ഉറ്റുനോക്കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐ.എസ്.ആര്‍.ഒ.) മറ്റൊരു ചരിത്രദൗത്യത്തിന് ഇന്ന് തുടക്കമാവും. രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍-1 പേടക വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ന് തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ശനിയാഴ്ച രാവിലെ 11.50-ന് പി.എസ്.എല്‍.വി. സി-57 റോക്കറ്റില്‍ ആദിത്യ എല്‍-1 സൂര്യനെ ലക്ഷ്യമാക്കി യാത്ര തുടങ്ങും.
ഭൂമിയുടെ 800 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ ആദ്യം എത്തിക്കുക. തുടര്‍ന്ന് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി വികസിപ്പിക്കും. നാലുമാസത്തിനകം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-1 പോയന്റില്‍ (ലഗ്രാഞ്ച് പോയന്റ്) പേടകം എത്തിച്ചേരും.ഡിസംബറിലോ അടുത്തവര്‍ഷം ജനുവരിയിലോ ആയിരിക്കും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യനെ നിരീക്ഷിക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്.