ലോസ്ഏഞ്ചല്‍സ്-ആയുധധാരികളായ ആളുകള്‍ക്ക് ഭക്ഷണം വിളമ്പേണ്ടതില്ലെന്ന തീരുമാനവുമായി കാലിഫോണിയയിലെ പ്രാദേശിക അറബ് സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്റും ബേക്കറി ശൃംഖലയും. റീംസ് കാലിഫോര്‍ണിയ റസ്റ്റോറന്റ് ശൃംഖലയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. പോലീസിന് ഭക്ഷണം അനുവദിച്ചിട്ടില്ലെന്ന് കുറിച്ച് കൊണ്ട് സാന്‍ ഫ്രാന്‍സിസ്‌കോ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടത്. ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ റസ്റ്റോറന്റിന്റെ ഈ തീരുമാനത്തിനെതിരെ ഉയരുന്നത്.
റീംസ്‌ന്റെ ഈ നയം സ്ഥിരീകരിക്കുന്ന റെസ്റ്റോറന്റ് എക്സിക്യൂട്ടീവുമായുള്ള ഇമെയില്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പോലീസ് അസോസിയേഷന്റെ സാമൂഹിക മാധ്യമ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധം കൈവശമുള്ള അല്ലെങ്കില്‍ യൂണിഫോമിലുള്ളവരെ സേവിക്കില്ലെന്ന നിലപാട് സ്ഥിരീകരിക്കുന്നതാണ് ഇ-മെയില്‍ സന്ദേശങ്ങളെല്ലാം. ഇതിനോടൊപ്പം തന്നെ യൂണിഫോമില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് റസ്റ്റോറന്റ്, ഭക്ഷണം നിഷേധിച്ചുവെന്നും അസോസിയേഷന്‍ ആരോപിച്ചു.