Sorry, you need to enable JavaScript to visit this website.

മൂഴിയാര്‍ അണക്കെട്ടിന് സമീപം കനത്ത മഴ, മൂന്നു ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട- കക്കാട് ജല വൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാര്‍ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ അതിശക്തമായ മഴ. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ ഉയര്‍ത്തി. ഇതില്‍ രണ്ടെണ്ണം പിന്നീട് അടച്ചു. നിലവില്‍ രണ്ടാം നമ്പര്‍ ഷട്ടര്‍ മാത്രം 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാത്രി വൈകിയും ശക്തമായ മഴ തുടരുകയാണ്.

മൂഴിയാര്‍ സായിപ്പിന്‍കുഴി ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നതെന്നാണ് സംശയം. സായിപ്പിന്‍കുഴി തോട്ടില്‍ നിന്നുള്ള നീരൊഴുക്ക് അതിശക്തമായി തുടരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൂഴിയാര്‍ മേഖലയില്‍ മഴ ആരംഭിക്കുന്നത്. ആറു മണിയോടെ സായിപ്പിന്‍കുഴി തോട്ടില്‍ അതിശക്തമായ നീരൊഴുക്കായി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു.

ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജനനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഗവിയിലേയ്ക്കു പോകുന്ന വഴിയില്‍ കക്കിത്തും ആനത്തോടിനും സമീപം മണ്ണിടിഞ്ഞിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ ഗവിയിലേയ്ക്കുള്ള പ്രവേശം താല്‍ക്കാലികമായി നിര്‍ത്തിയതായി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസ് അധികൃതര്‍ അറിയിച്ചു.

 

Latest News