ബെംഗളൂരു- കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് പുതിയ വാഹനം വാങ്ങുന്നതിനു പത്തു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. 33 മന്ത്രിമാര്‍ക്കായി 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികള്‍ വാങ്ങുന്നതിനാണ് 9.9 കോടി അനുവദിച്ചത്. എന്നാല്‍ മന്ത്രിമാര്‍ക്കു വാഹനം വാങ്ങുന്നതിന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനു വിവിധ കോണുകളില്‍നിന്നു വ്യാപക വിമര്‍ശമുയര്‍ന്നു. ബെംഗളൂരുവില്‍ ഇന്നോവ ഹൈക്രോസ് ടോപ്പ് മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം 39 ലക്ഷം രൂപയാണ്.
എന്നാല്‍ വാഹനം വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. 'എന്താണ് കുഴപ്പം? മന്ത്രിമാര്‍ക്കും ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതിനാല്‍ അവരുടെ സുരക്ഷ പ്രധാനമാണ്. വാസ്തവത്തില്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി, ഞങ്ങള്‍ക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളും ഹെലികോപ്റ്ററുകളും ഇല്ല. ഇപ്പോള്‍പോലും ഞാന്‍ ഒരു സാധാരണ വിമാനത്തിലാണ് വന്നിറങ്ങിയത്-ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ ഏറ്റവും ചെലവേറിയ പദ്ധതിയായ ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് വന്‍ തുക മുടക്കി കാറുകള്‍ വാങ്ങുന്നെന്ന പ്രഖ്യാപനം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്ത ഗൃഹലക്ഷ്മി പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം 17,500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സംസ്ഥാന സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. 'കോണ്‍ഗ്രസ് വാഗ്ദാനങ്ങളെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു പണമില്ല, കാറുകള്‍ക്കു പണം എവിടെ?- ബി.ജെ.പി എം.എല്‍.എ സി. നാരായണസ്വാമി പറഞ്ഞു. 2013ല്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ കോണ്‍ഗ്രസ് 5 കോടി രൂപ അനുവദിച്ചിരുന്നു.