ന്യൂദല്‍ഹി- ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു. ബസ്മതി ഒഴികെയുള്ള അരി ഇനങ്ങളുടെ കയറ്റുമതി നേരത്തെ നിരോധിച്ചിരുന്നു.
ഒക്ടോബറില്‍ തുടങ്ങുന്ന നിരോധനം 11 മാസത്തേക്കായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മഴ കുറഞ്ഞതിനെ തുടര്‍ന്ന് കരിമ്പ് ഉത്പാദനം കുറഞ്ഞതാണ് പഞ്ചസാര ഉത്പാദനത്തിനും പ്രതിസന്ധിയായത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിര്‍ത്തലാക്കുന്നത്.
ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കുമെന്ന വിവരം പുറത്തുവന്നതോടെ അറബ് രാജ്യങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. അറബ് രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പഞ്ചസാര കൂടുതലായി പോകുന്നത്. ഇന്ത്യയിലെ മൊത്തം പഞ്ചസാര ഉത്പാദനത്തില്‍ പകുതിയോളം അറബ് രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
അരി, ഗോതമ്പ് എന്നിവയ്ക്ക് പിറകെ പഞ്ചസാരയും കയറ്റുമതി നിരോധിക്കുന്ന ഇന്ത്യയുടെ നയം ഇത്തരം ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് കാര്യമായി ബാധിക്കുക. അതോടൊപ്പം ഉള്ളിയുടെ കയറ്റുമതിയില്‍ തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഖത്തര്‍ 90 ശതമാനവും യു. എ. ഇ 43 ശതമാനവും ബഹ്റൈന്‍ 34 ശതമാനവും സൗദി അറേബ്യയും കുവൈത്തും 28 ശതമാനം വീതവും പഞ്ചസാര ഇന്ത്യയില്‍ നിന്നാണ് കൊണ്ടുപോയത്.
കഴിഞ്ഞ വര്‍ഷം പഞ്ചസാര കയറ്റുമതിയില്‍ ബ്രസീലിന് പിന്നാലെ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. പഞ്ചസാരയുടെ ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ മൊത്തം സംഭാവന 15 ശതമാനമാണ്.
ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനും ചില്ലറ വില്‍പ്പന വില നിയന്ത്രണത്തിലാക്കുന്നതിനുമായി ജൂലൈ 20ന് ബസുമതി ഇതര അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇതോടെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളിലും അരിയുടെ വില ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇതിനുപുറമെ, ഓഗസ്റ്റ് 19ന് ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവയാണ് ചുമത്തിയത്.