ജിദ്ദ- ജിദ്ദയിലെ പ്രവാസിയും ബിസിനസുകാരനുമായ മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി മഹല്ലിൽ മൻസൂർ നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ചു. ജിദ്ദയിൽ സ്വിമിംഗ് പൂളിൽ കുളിക്കുന്നതിനിടെ പരിക്കേറ്റ് നാട്ടിൽ ചികിത്സയിലായിരുന്നു. ജിദ്ദയിൽനിന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ച മൻസൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷറഫിയയെല ഫ്‌ളോറ, മെൻസ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങൾ മൻസൂറിന്റെതായിരുന്നു. ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനും ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു മൻസൂർ.
മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി സ്വദേശി ആയിരുന്നു. ഹുസൈന്‍ പള്ളിപ്പറമ്പന്‍- റാബിയ ദമ്പതികളുടെ മകനാണ്. ഭാര്യ മുസൈന. മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുന്നാസിര്‍, ബുഷ്‌റ, നിഷാബി.
ജൂണ്‍ 30ന് ജിദ്ദയില്‍ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ജിദ്ദയിലെ അബുഹുര്‍ കിംഗ് അബ്ദുള്ള കോംപ്ലക്‌സ് ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സക്ക് ശേഷം എയര്‍ ആംബുലന്‍സില്‍ ദല്‍ഹിയിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടന്ന് നാലുദിവസം മുമ്പാണ് പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 12.30നാണ് മരണം സംഭവിച്ചത്.
മന്‍സൂറിന്റെ വേര്‍പാടില്‍ ജിദ്ദ നവോദയ അനുശോചിച്ചു.