അസീര്‍ ശആര്‍ ചുരം റോഡില്‍ നാളെ ഗതാഗതം പുനരാരംഭിക്കും

അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട പ്രധാന റോഡായ ശആര്‍ ചുരം റോഡില്‍ നാളെ പുലര്‍ച്ചെ ഗതാഗതം പുനരാരംഭിക്കുമെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തിയും സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചും പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചുമാണ് ചുരം റോഡ് വീണ്ടും തുറക്കുന്നത്. ചുരം റോഡില്‍ ആകെ 34 കിലോമീറ്റര്‍ നീളത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. പഴയ ഇരുമ്പ് സംരക്ഷണ വേലി മാറ്റി പുതിയ സംരക്ഷണ വേലി സ്ഥാപിക്കുകയും പാലങ്ങളെ സംരക്ഷണ ഭിത്തികളുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പതിനൊന്നു തുരങ്കങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതിയ പെയിന്റടിച്ചു. സുരക്ഷ മെച്ചപ്പടുത്താന്‍ നൂതന ലൈറ്റിംഗ് സംവിധാനം സ്ഥാപിച്ചു. 800 വാണിംഗ്, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. തുരങ്കങ്ങള്‍ക്കകത്തും സംരക്ഷണ ഭിത്തികളിലും 14 കിലോമീറ്റര്‍ ദൂരത്തില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിച്ചു. 34 കിലോമീറ്റര്‍ നീളത്തില്‍ റോഡില്‍ പുതിയ ഗ്രൗണ്ട് റിഫ്‌ളക്ടറുകളും സ്ഥാപിച്ചു. ഏതാനും എമര്‍ജന്‍സി പാര്‍ക്കിംഗുകളും പുതുതായി ഒരുക്കിയിട്ടുണ്ട്. സുരക്ഷാ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ശആര്‍ ചുരം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്.
ശആര്‍ ചുരം റോഡിലെ വികസന പദ്ധതികള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. മഹായില്‍ അസീര്‍ ദിശയില്‍ മൂന്നാം ഘട്ട വികസന ജോലികള്‍ 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ചുരം റോഡിനും മഹായില്‍ അസീറിനും ഇടയിലെ 20 കിലോമീറ്റര്‍ ദൂരം ഇരട്ടപ്പാതയാക്കാനുള്ള ജോലികള്‍ 2026 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും റോഡ്‌സ് ജനറല്‍ അതോറിറ്റി പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ക്കും നവീകരണ ജോലികള്‍ക്കുമായി നാലു മാസം മുമ്പാണ് ശആര്‍ ചുരം റോഡ് അടച്ചത്.

 

Latest News