ബംഗളൂരു- കർണാടകയിലെ 40 മുതൽ 45 വരെ കോൺഗ്രസ് എംഎൽഎമാർ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒറ്റ ദിവസം കൊണ്ട് ഓപ്പറേഷൻ ലോട്ടസ് നടത്താമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്. കർണാടക കോൺഗ്രസ് ഇതിനെ ‘നൂറ്റാണ്ടിന്റെ തമാശ’ എന്നാണ് വിശേഷിപ്പിച്ചത്.
പല പ്രമുഖ ബിജെപി നേതാക്കളും നിയമസഭാംഗങ്ങളും സന്തോഷ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തില്ലെന്നും മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ എതിർക്കാനും വെല്ലുവിളിക്കാനും മാത്രമാണ് ഇത് സംഘടിപ്പിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
സ്വന്തം പാർട്ടി എംഎൽഎമാരുമായി ബന്ധം സ്ഥാപിക്കാൻ ബി.എൽ. സന്തോഷിന് കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ് നിയമസഭാംഗങ്ങളുമായി സമ്പർക്കത്തിലാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം ഈ നൂറ്റാണ്ടിന്റെ തമാശയാണെന്ന് കോൺഗ്രസ് പറഞ്ഞു. പച്ച നുണകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് സന്തോഷ് സ്വന്തം പാർട്ടി നിയമസഭാംഗങ്ങളുമായി ബന്ധം സ്ഥാപിക്കാനും വിശ്വാസം നേടാനും ശ്രമിക്കട്ടെയെന്നും കോൺഗ്രസ് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ താനുമായി ബന്ധപ്പെടുന്നതിനാൽ ഒറ്റ ദിവസം കൊണ്ട് ഓപ്പറേഷൻ ലോട്ടസ് നടപ്പാക്കാൻ തനിക്ക് കഴിയുമെന്ന് ബംഗളൂരുവിലെ ബിജെപി പാർട്ടി ഓഫീസിൽ സംഘടിപ്പിച്ച യോഗത്തിൽ സന്തോഷ് പറഞ്ഞിരുന്നു.ഇപ്പോൾ അത് ആവശ്യമില്ലെന്നും സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ ഒരു ശ്രമവും നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ബിജെപി നേതാക്കൾ ആരും കോൺഗ്രസിൽ ചേരാൻ പോകുന്നില്ലെന്നും സന്തോഷ് പറഞ്ഞു. 10 നേതാക്കൾ ഞങ്ങളുടെ പാർട്ടിയിൽ നിന്ന് പുറത്തുപോകുകയാണെങ്കിൽ, അവർക്ക് തുല്യമായ കഴിവുള്ള നേതാക്കളെ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ബിജെപി മന്ത്രിമാരായ കെ.സുധാകർ, രമേഷ് ജാർക്കിഹോളി, ബി.ശ്രീരുമുലു, ബി.സി. പാട്ടീൽ, ഗോവിന്ദ് കാർജോൾ, സി.പി. യോഗേശ്വര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എന്നാൽ, കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹമുള്ള മുൻ മന്ത്രിമാരും ബിജെപി എംഎൽഎമാരായ എസ്.ടി. സോമശേഖറും ശിവറാം ഹെബ്ബാറും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ബിജെപിക്കെതിരെ ആഞ്ഞടിക്കുന്ന രേണുകാചാര്യയും യോഗത്തിനെത്തിയില്ല. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പങ്കെടുത്തില്ല.