Sorry, you need to enable JavaScript to visit this website.

ഇന്ത്യാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം തീരുമാനിച്ചു; ലോഗോ പ്രകാശനം മാറ്റി    

മുംബൈ - എൻ.ഡി.എക്കെതിരേയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിശാല കൂട്ടായ്മയായ 'ഇന്ത്യ' മുന്നണിയുടെ ലോഗോ പ്രകാശനം ഇന്നുണ്ടാകില്ല. ലോഗോ സംബന്ധിച്ച് ചില പാർട്ടികൾ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് അവശ്യമായ മാറ്റങ്ങൾക്കു വേണ്ടിയാണിതെന്നാണ് വിവരം. 
 എന്നാൽ മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഇന്നത്തെ യോഗം അംഗീകരിച്ചു. 'ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ' എന്നതാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. 13 അംഗം ഏകോപന സമിതിക്കും രൂപം നൽകിയിട്ടുണ്ട്. 
 ബീഹാറിലെയും കർണാടകയിലെയും യോഗങ്ങൾക്കു ശേഷം 'ഇന്ത്യ' സഖ്യത്തിന്റെ മൂന്നാമത് യോഗം മഹാരാഷ്ട്രയിലെ മുംബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ പുരോഗമിക്കുകയാണ്. സഖ്യത്തിന്റെ കൺവീനറായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വരണമെന്ന വികാരമാണ് പൊതുവെ എല്ലാ പാർട്ടികളും പങ്കുവെച്ചത്. ഒപ്പം പ്രാദേശിക പാർട്ടി നേതാക്കളെ ഉൾക്കൊള്ളിച്ച് 13 കോർ കമ്മിറ്റി പാനൽ നിർദേശവും യോഗം അംഗീകരിച്ചതായാണ് അറിയുന്നത്. ഇതുസംബന്ധിച്ച അന്തിമവും ഔദ്യോഗികവുമായ പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും. അതിനുള്ള തിരക്കിട്ട ചർച്ചകളാണ് തുടരുന്നത്.
 കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരത് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ, ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കുമാർ, ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി നേതാവുമായ മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി രാജ ഉൾപ്പെടെ 28 പാർട്ടികളിൽ നിന്നായി 68 നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.
 സഖ്യത്തിൽ ചെറുപാർട്ടികൾക്കും മതിയായ പ്രാതിനിധ്യം നൽകും. ഇതിനായി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കൽ, മീഡിയ മാനേജ്‌മെന്റ് തുടങ്ങിയ സമിതികളിൽ ചെറുപാർട്ടികളെ ഉൾപ്പെടുത്തും. പൊതു മിനിമം പരിപാടിക്കായി ഡ്രാഫ്റ്റ് കമ്മിറ്റിക്ക് സമാനമായ ഉപസമിതികൾ രൂപീകരിക്കാനും ധാരണയായി. യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും ദേശീയ തലത്തിൽ സീറ്റ് വിഭജനം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതും ചൂണ്ടിക്കാണിച്ചു. വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരെ 'ഇന്ത്യ' സഖ്യം മോഡലിൽ പരമാവധി കൂട്ടായ്മ സാധ്യമാക്കാനും യോഗത്തിൽ ആവശ്യമുയർന്നു. ബി.ജെ.പി ശക്തമായ വെല്ലുവിളി ഉയർത്തുന്ന സ്ഥലങ്ങളിൽ ഇന്ത്യ മുന്നണിയിലെ പാർട്ടികൾ പരസ്പരം മത്സരിച്ച് ബി.ജെ.പിക്ക് സാധ്യത തുറക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കലാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഇന്ത്യ മുന്നണിയുടെ പ്രധാന പ്രവർത്തനമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും സീറ്റ് വിഭജന ചർച്ചകൾ പരസ്പര ധാരണയോടേയും സഹകരണത്തോടെയും പൂർത്തിയാക്കാൻ സാധിക്കണമെന്നും നിർദേശമുയർന്നു. തെരഞ്ഞെടുപ്പിൽ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ട് വയ്ക്കും. പണപ്പെരുപ്പം നിയന്ത്രിക്കൽ, തൊഴിൽ അവസരങ്ങളുണ്ടാക്കൽ, കാർഷിക വായ്പ എഴുതിതള്ളൽ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ജനക്ഷേപ പദ്ധതികൾ ചർച്ചയിൽ ഉയർന്നുവന്നിട്ടുണ്ട്. 
  ഇന്ത്യ സഖ്യത്തെ നയിക്കുന്നതിന് കെ.സി വേണുഗോപാൽ(കോൺഗ്രസ്), ശരത് പവാർ(എൻ.സി.പി), എം.കെ സ്റ്റാലിൻ(ഡി.എം.കെ), സഞ്ജയ് റാവത്ത്(ശിവസേന), തേജസ്വി യാദവ് (ആർ.ജെ.ഡി), അഭിഷേക് ബാനര്ജി (തൃണമൂൽ കോൺഗ്രസ്), രാഘവ് ചദ്ദ (ആം ആദ്മി പാർട്ടി), ജാവേദ് അലി ഖാൻ(സമാജ്‌വാദി പാർട്ടി), ലലൻ സിംഗ് (ജെ.ഡി.യു), ഹേമന്ദ് സോറൻ(ജെ.എം.എം), ഡി രാജ (സി.പി.ഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹ്ബൂബ മുഫ്തി (പി.ഡി.പി) എന്നിവരടങ്ങിയ 13 അംഗ ഏകോപന സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
 ഏകോപന സമിതിയിൽ ഗാന്ധി കുടുംബത്തിൽനിന്ന് ആരും അംഗമല്ല. എന്നാൽ കോൺഗ്രസ് പ്രതിനിധിയായി കോൺഗ്രസിന്റെ സംഘടനാ കാര്യ ചുമതലയുള്ള കേരളത്തിൽനിന്നുള്ള കെ.സി വേണുഗോപാൽ ഉണ്ട്. ഇന്ത്യ മുന്നണി ആദ്യ ഘട്ട നീക്കങ്ങൾക്ക് ചുക്കാനേന്തിയ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കുമാറും 13 അംഗ ഏകോപന സമിതിയിൽ ഇല്ല. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി പ്രതിനിധിയായി ലലൻ സിംഗിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സി.പി.ഐക്ക് പ്രാതിനിധ്യം ഉണ്ടെങ്കിലും സി.പി.എം പ്രതിനിധിയായി ആരും ഏകോപന സമിതിയിൽ ഇല്ല.

Latest News