താനെ- മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ യവതി ഒരു വയസ്സായ മകനോടൊപ്പം കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതായി പോലീസ് അറിയിച്ചു. 26 കാരിയായ യുവതിയും ഭർത്താവും തമ്മിൽ കുടുംബപ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
മരിച്ച പ്രിയങ്ക മൊഹിതെ, ഭർത്താവിനും പിഞ്ചുകുഞ്ഞിനും ഒപ്പം ഗോഡ്ബന്ദർ റോഡിലുള്ള കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്ന് കാസർവാഡാവലി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ (ക്രൈം) വൈ. അവാദ് പറഞ്ഞു. ആഗസ്റ്റ് 30 ന് രക്ഷാബന്ധൻ ദിനത്തിൽ സഹോദരിയുടെ വീട്ടിൽ പോകണമെന്ന് യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടിയുമായി യാത്ര ചെയ്യരുതെന്നാണ് ഭർത്താവ് ഉപദേശിച്ചത് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് യുവതി മകനോടൊപ്പം ചാടി മരിക്കുകയായിരുന്നു. ശബ്ദം കേട്ട് കെട്ടിടത്തിലെ മറ്റ് താമസക്കാർ പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയേയും മകനേയുമാണ് കണ്ടത്. ഇരുവരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി.