ജോഹന്നാസ്ബർഗ്- ദക്ഷിണാഫ്രിക്കയിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റായ ജോഹന്നാസ്ബർഗിൽ വ്യാഴാഴ്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. താമസിച്ചിരുന്ന ഫ്ലാറ്റിന് തീപിടിച്ച് 74 പേർ മരിക്കുകയും 200 ലധികം കുടുംബങ്ങൾ ഭവനരഹിതരാകുകയും ചെയ്തുവെന്ന് ജോഹന്നാസ്ബർഗ് സിറ്റി മാനേജർ ഫ്ലോയ്ഡ് ബ്ലിങ്ക് പറഞ്ഞു.
തീപിടിത്തമുണ്ടായ അഞ്ച് നില കെട്ടിടത്തിലെ താമസക്കാർ അനധികൃതമായാണ് വെള്ളവും വൈദ്യുതിയും ഉപയോഗിച്ചിരുന്നതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 61 പേർ നഗരത്തിലും പരിസരങ്ങളിലുമായി വിവിധ മെഡിക്കൽ സൗകര്യങ്ങളിൽ ചികിത്സ തേടിയിരുന്നു. 16 പേരെ ഡിസ്ചാർജ് ചെയ്തു, 17 പേർ ആശുപത്രിയിൽ തുടരുന്നു. ഭവനരഹിതരായ കുടുംബങ്ങളെ ജോഹന്നാസ്ബർഗിന് ചുറ്റുമുള്ള ചില ഷെൽട്ടറുകളിലേക്ക് മാറ്റി.
മരിച്ച 74 പേരിൽ 40 പുരുഷന്മാരും 24 സ്ത്രീകളുമുണ്ട്. 10 പേരുടെ ലിംഗഭേദം നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തം.കെട്ടിടം അനൗപചാരിക സെറ്റിൽമെന്റായി മാറിയിരുന്നുവെന്നും മുറികൾ വിഭജിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കാരണം തീ പെട്ടെന്ന് പടർന്നുവെന്നും അധികൃതർ പറഞ്ഞു.