ലഖ്‌നൗ- ഉത്തർപ്രദേശ് തലസ്ഥാനത്തെ പിജിഐ കോട്‌വാലി മേഖലയിൽ ബലാത്സംഗശ്രമം ചെറുത്ത പെൺകുട്ടിക്ക് 16 തവണ കുത്തേറ്റു. കോച്ചിംഗ് ക്ലാസിൽ നിന്ന് സ്കൂട്ടിയിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് യുവാവ് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി എതിർത്തതോടെ പ്രതിയായ പങ്കജ് റാവത്തും സുഹൃത്തുക്കളും ചേർന്ന് 16 തവണ കുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി പ്രതിയായ പങ്കജ് പെൺകുട്ടിയെ ശല്യം ചെയ്തു വരികയായിരുന്നു. ഇതേക്കുറിച്ച് പെൺകുട്ടി പിജിഐ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും അന്ന് പോലീസ് വിഷയത്തിൽ ഒത്തുതീർപ്പിലെത്തിക്കുകയായിരുന്നു.
സംഭവത്തിൽ പിതാവിന്റെ പരാതിയിൽ പിജിഐ കോട്വാലിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പങ്കജിനെയും സുഹൃത്തുക്കളെയും തേടി നാല് പോലീസ് സംഘങ്ങൾ റെയ്ഡ് നടത്തുകയാണെന്ന് ഇൻസ്പെക്ടർ പിജിഐ റാണ രാജേഷ് സിംഗ് പറഞ്ഞു. സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആശുപത്രിയിൽ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.