തിരുവനന്തപുരം- നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തിട്ടില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. കര്‍ഷകര്‍ക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ പെന്‍ഡിംഗ് ഇല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ നെല്ല് സംഭരണം ഡിസെന്‍ട്രലൈസ്ഡ് പൂളില്‍ ആയതിനാല്‍ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോര്‍ട്ടല്‍ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം .സംസ്ഥാനം ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചു . എന്നാല്‍ നിലവില്‍ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തില്‍ നിന്ന് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
ഓണം കഴിഞ്ഞിട്ടും നെല്ല് സംഭരണ കുടിശിക ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. കുടിശിക തീര്‍ത്ത് സംഭരണ വില നല്‍കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായെന്നും ഇനിയും തുക അക്കൗണ്ടിലെത്തിയില്ലെങ്കില്‍ അതിന് കാരണം സാങ്കേതിക തടസങ്ങള്‍ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 14000 ത്തോളം കര്‍ഷകര്‍ക്കാണ് ഇനി കുടിശിക കിട്ടാനുള്ളത്.
2022-23 സീസണില്‍ നാളിതുവരെ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. സംഭരണ വില 2070.71 കോടി. 738 കോടി രൂപ സപ്ലൈക്കോ നേരിട്ടു കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കി. 200 കോടി രൂപ കേരള ബാങ്ക് വഴിയും 700 കോടി രൂപ മൂന്ന് ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം വഴി പിആര്‍എസ് ലോണായുമാണ് നല്‍കിയത്. സര്‍ക്കാരില്‍ നിന്നും കിട്ടിയ 180 കോടി രൂപയില്‍ 72 കോടി രൂപ 50000 രൂപയില്‍ താഴെ കുടിശ്ശികയുണ്ടായിരുന്ന 26,548 കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്തെന്നും അന്‍പതിനായിരം രൂപയ്ക്ക് മുകളില്‍ കുടിശ്ശിക നല്‍കാനുണ്ടായിരുന്ന 27,791 കര്‍ഷകരുടെ കുടിശ്ശികതുകയില്‍ പ്രോത്സാഹനബോണസും കൈകാര്യ ചെലവും നല്‍കിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു, ഇതിന് ശേഷം കിലോയ്ക്ക് 20.40 രൂപ നിരക്കിലുള്ള കുടിശ്ശിക തുക സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവ വഴി പിആര്‍എസ് ലോണായി നല്‍കുന്ന നടപടി ആഗസ്റ്റ് 24ന് ആരംഭിച്ചെന്നാണ് സപ്ലെയ്കോ അറിയിക്കുന്നത്. ഇതുവരെ ആകെ 3795 കര്‍ഷകര്‍ക്ക് 35.45 കോടി രൂപ പിആര്‍എസ് ലോണായി നല്‍കി. ബാക്കി വരുന്ന 14000 ത്തോളം കര്‍ഷകര്‍ക്കുള്ള തുക അടുത്ത ദിവസങ്ങളില്‍ കിട്ടിത്തുടങ്ങുമെന്നും സര്‍ക്കാര്‍ വിശദീകരണം. ഈ വര്‍ഷത്തെ സംഭണ തുകയില്‍ കേന്ദ്ര വിഹിതം കിട്ടണമെങ്കില്‍ സംഭരിച്ച നെല്ല് സംസ്‌കരിച്ച് റേഷന്‍കടകളില്‍ എത്തണം. ഇ കാലതാമസം ഒഴിവാക്കാനാണ് കാലങ്ങളായി പിആര്‍എസ് ലോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും സപ്ലെയ്കോ പറയുന്നു