ഒരു നാട് മുഴുവന്‍ വിങ്ങിപ്പൊട്ടി, കുളത്തില്‍ മുങ്ങിമരിച്ച സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി

പാലക്കാട് - ഒരു നാടിന്റെ മുഴുവന്‍ വിലാപങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ മുങ്ങിമരിച്ച സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. കോട്ടോപ്പാടത്തെ വീട്ടിലൊരുക്കിയ പൊതുദര്‍ശനത്തില്‍ നൂറ് കണക്കിന് ആളുകളാണ് കണ്ണീരും തേങ്ങലുമായി സഹോദരിമാര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചത്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഖബറടക്കുന്നതിനായി കോട്ടോപ്പാടം ജുമാമസ്ജിദില്‍ എത്തിച്ചു. ജനാസ നമസ്‌കാരത്തിന് ശേഷം റമീഷ, റിഷാന എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും, നഷീദയുടെ മൃതദേഹം  നാട്ടുകല്ലിലെ പാറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി. ഇന്നലെ ഭീമനാട് പെരുങ്കുളത്ത് കുളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് സഹോദരികള്‍ മുങ്ങി മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീണ സഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും അപകടത്തില്‍പ്പെടുകയായിരുന്നു. പിതാവിന്റ കണ്‍മുന്നില്‍ വെച്ചാണ് മൂന്ന് പെണ്‍മക്കളും മുങ്ങിമരിച്ചത്.  വിവാഹിതരായ റമീഷയും നഷീദയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു.

 

Latest News