ലണ്ടന്‍- ബ്രിട്ടീഷ് മന്ത്രിസഭയില്‍ അഴിച്ചുപണി. പ്രതിരോധ സെക്രട്ടറി ബെന്‍ വാല്ലസിന്റെ രാജിക്കു പിന്നാലെയാണ് പ്രധാനാനമന്ത്രി ഋഷി സുനക്ക് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്.
ഗ്രാന്‍ഡ് ഷാപ്‌സിനെ പ്രതിരോധ മന്ത്രിയായി നിയോഗിച്ചു.
ക്യാബിനറ്റിലെ ഊര്‍ജ സുരക്ഷാ, നെറ്റ് സീറോ സെക്രട്ടറിയായിരുന്ന ഷാപ്‌സ് സുനാക്കിനെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖനാണ്. സുനക് മന്ത്രിസഭയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചാമത്തെ പദവിയാണ് ഷാപ്‌സ് വഹിക്കുന്നത്. ഇതിനു മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെയും ഹോം സെക്രട്ടറിയുടെയും പദവി 54കാരനായ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
ജൂനിയര്‍ മിനിസ്റ്ററായിരുന്ന ഇന്ത്യന്‍ വംശജ കൂടിയായ ക്ലെയര്‍ കുടിഞ്ഞോയെ ഷാപ്‌സിനു പകരം ഊര്‍ജ സുരക്ഷാ, നെറ്റ് സീറോ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് എം. പി ഡേവിഡ് ജോണ്‍സ്റ്റണ്‍ വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ മിനിസ്റ്ററാകും.